Business
ലുലു ഗ്രൂപ്പ് ഓഹരികള്‍ ഈമാസം 28ന് വിപണിയിലേക്ക്; വന്‍ പ്രതികരണം
25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണിത്. ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ അഞ്ചിന് അവസാനിക്കും.
ദുബൈ | മധ്യ പൗരസ്ത്യ, ഇന്ത്യന്‍ റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പിന്റെ ഓഹരികള്‍ ഒക്ടോബര്‍ 28ന് വിപണിയിലെത്തും. 25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ (ഐ പി ഒ) 0.051 ദിര്‍ഹം എന്ന നാമമാത്ര മൂല്യത്തില്‍ ആളുകള്‍ക്ക് ഓഹരി ലഭ്യമാകുമെന്ന് ഗ്രൂപ്പ് അറിയിച്ചു.
കമ്പനി 258.2 കോടി (2,582,226,338) ഓഹരികളാണ് വില്‍ക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണിത്. ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ അഞ്ചിന് അവസാനിക്കും. ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്, അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. അബൂദബി കൊമേഴ്സ്യല്‍ ബേങ്കും ഫസ്റ്റ് അബൂദബിയുമാണ് ജോയിന്റ് ലീഡ് സ്വീകരിക്കുന്ന ബേങ്കുകള്‍.
അബൂദബി കൊമേഴ്സ്യല്‍ ബേങ്ക്, എമിറേറ്റ്‌സ് എന്‍ ബി ഡി ക്യാപിറ്റല്‍, ഫസ്റ്റ് അബൂദബി ബേങ്ക്, എച്ച് എസ് ബി സി ബേങ്ക് മിഡില്‍ ഈസ്റ്റ്, ഇ എഫ് ജി ഹെര്‍മിസ് യു എ ഇ എന്നിവയാണ് ജോയിന്റ് ലീഡ് മാനേജര്‍മാര്‍. ഫസ്റ്റ് അബൂദബി ബേങ്ക്, ദുബൈ ഇസ്ലാമിക് ബേങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബേങ്ക്, അബൂദബി കൊമേഴ്സ്യല്‍ ബേങ്ക്, മശ്രിഖ്, എമിറേറ്റ്സ് എന്‍ ബി ഡി എന്നിവ പങ്കാളിത്ത ബേങ്കുകളാണ്.
യു എ ഇയില്‍ ദുബൈ ടാക്സി കോര്‍പ്പറേഷന്‍, സാലിക്, അല്‍ അന്‍സാരി എക്സ്ചേഞ്ച്, പ്യുവര്‍ ഹെല്‍ത്ത്, ഇന്‍വെസ്റ്റ്കോര്‍പ്പ് ക്യാപിറ്റല്‍, ഫീനിക്സ് ഗ്രൂപ്പ്, അഡ്നോക് തുടങ്ങി നിരവധി പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ രണ്ട് വര്‍ഷമായി നിരവധി ഐ പി ഒകള്‍ ഇറക്കി. ഇവയുടെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ലുലുവിന്റെ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.
50,000-ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന, മേഖലയിലെ ഏറ്റവും വലിയ റീട്ടെയിലര്‍മാരില്‍ ഒന്നാണ് ലുലു ഗ്രൂപ്പ്. എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള റീട്ടെയില്‍ ഭീമന്റെ ഒരു ഓഹരി സ്വന്തമാക്കുന്നതിനായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. എ ഡി ക്യു 10 ശതമാനം ഓഹരി നേരത്തെ വാങ്ങിയിരുന്നു. യോഗ്യരായ ഓരോ ജീവനക്കാരനും കുറഞ്ഞത് 2,000 ഓഹരി അനുവദിക്കും.
രണ്ടാം ഘട്ടത്തില്‍, 89 ശതമാനം പ്രതിനിധീകരിക്കുന്ന 2,298,181,441 ഓഹരികള്‍ വില്‍ക്കാന്‍ ലുലു ലക്ഷ്യമിടുന്നു. എല്ലാ ജി സി സി രാജ്യങ്ങളിലും സ്റ്റോറുകളുള്ള ഏറ്റവും വലിയ ഫുള്‍ലൈന്‍ റീട്ടെയിലറാണ് ലുലു ഗ്രൂപ്പ്. യു എ ഇയില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസറി റീട്ടെയിലറാണ്. മാര്‍ക്കറ്റ് കണ്‍സള്‍ട്ടന്റുകളുടെ അഭിപ്രായത്തില്‍, സഊദി അറേബ്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയിലറാണ്.
ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, എക്‌സ്പ്രസ്സ് സ്റ്റോറുകള്‍, മിനി മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ മൂന്ന് രൂപത്തില്‍ ഇതിന് നിലവില്‍ ശക്തമായ ഓമ്നി-ചാനല്‍ സാന്നിധ്യമുണ്ട്. 2024 ആഗസ്റ്റില്‍, ഗ്രൂപ്പ് 116 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, 102 എക്‌സ്പ്രസ്സ് സ്റ്റോറുകള്‍, 22 മിനി മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന 240 സ്റ്റോറുകളിലെത്തി. 103 സ്റ്റോറുകള്‍ യു എ ഇയിലും 56 സഊദി അറേബ്യയിലും 81 മറ്റ് വിപണികളിലുമായി ഉണ്ട്.