Business
മലേഷ്യയില്‍ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്
മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യൂസഫലി.
അബൂദബി | പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് മലേഷ്യയില്‍ ആറ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുത്തതിനു ശേഷം ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
അബൂദബി എമിറേറ്റ്‌സ് പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പിന്റെ മലേഷ്യയിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിക്ക് വിവരിച്ചു കൊടുത്തു. നിലവില്‍ ആറ് ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഭക്ഷ്യസംസ്‌കരണ കയറ്റുമറ്റി കേന്ദ്രവുമാണ് ലുലു ഗ്രൂപ്പിന് മലേഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ളത്.
മലേഷ്യയില്‍ നിന്നും വിവിധങ്ങളായ കാര്‍ഷികോത്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി യൂസഫലി പ്രധാന മന്ത്രിയെ അറിയിച്ചു. മലേഷ്യന്‍ സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ പിന്തുണക്കും യൂസഫലി ചര്‍ച്ചക്കിടെ നന്ദി പറഞ്ഞു. മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച അന്‍വര്‍ ഇബ്രാഹീം സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സഹകരണങ്ങളും ലുലു ഗ്രൂപ്പിന് നല്‍കുമെന്നും അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച മലേഷ്യ-യു എ ഇ വാണിജ്യ ഉച്ചകോടിയിലും യൂസഫലി സംബന്ധിച്ചു. മലേഷ്യന്‍ വിദേശകാര്യ മന്ത്രി ഡോ: സാംബ്രി അബ്ദുല്‍ കാദിര്‍, വ്യവസായ വ്യാപാര മന്ത്രി സഫ്രുള്‍ അബ്ദുല്‍ അസീസ്, യു എ ഇയിലെ മലേഷ്യന്‍ അംബാസഡര്‍ അഹമ്മദ് ഫാദില്‍ ബിന്‍ ഹാജി ഷംസുദ്ദീന്‍, ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, സി ഒ ഒ. വി ഐ സലീം സംബന്ധിച്ചു.