Business
ആസ്‌ത്രേലിയയില്‍ ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും
വിക്ടോറിയ പ്രവിശ്യയിലെ മെല്‍ബണിലാണ് കേന്ദ്രം ആരംഭിക്കുക.
ദുബൈ | ലുലു ഗ്രൂപ്പ് ആസ്‌ത്രേലിയയിലും ഭക്ഷ്യസംസ്്കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കും. ദുബൈയില്‍ നടക്കുന്ന ഗള്‍ഫുഡില്‍ വെച്ച് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. വിക്ടോറിയ പ്രവിശ്യയിലെ മെല്‍ബണിലാണ് കേന്ദ്രം ആരംഭിക്കുക. 24 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് അനുവദിച്ചത്. സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മേയില്‍ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു.
ആസ്‌ത്രേലിയന്‍ ട്രേഡ് കമ്മീഷണര്‍ ടോഡ് മില്ലറും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഭക്ഷ്യ സംസ്‌കരണ ശാലയുടെ പ്രവര്‍ത്തനം ഈ വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും യൂസഫലി അറിയിച്ചു.
ഭക്ഷ്യസംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോക ബ്രാന്‍ഡുകളോടു കിടപിടിക്കുന്ന ഉത്പന്നങ്ങള്‍ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലുവിനു കൈവരും. മികച്ച ഗുണമേന്മയിലും കുറഞ്ഞ വിലയിലും ഭക്ഷ്യോത്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നും യൂസഫലി പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും. അരി, തേയില, പഞ്ചസാര, പഴം, പച്ചക്കറികള്‍, മത്സ്യം എന്നിവയാണ് ലുലു ഗ്രൂപ്പ് കയറ്റുമതി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ യു എസ്, പോര്‍ച്ചുഗല്‍, ഈജിപ്ത്, അള്‍ജീരിയ, മൊറോക്കൊ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്. യു എസ് എ, ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, വിയത്‌നാം, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ്, ചൈന എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങളുണ്ട്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ഡയറക്ടര്‍മാരായ മുഹമ്മദ് അല്‍ത്താഫ്, എം എ സലീം, ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ വി ഐ സലീം എന്നിവരും സംബന്ധിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഗള്‍ഫുഡ് വെള്ളിയാഴ്ച സമാപിക്കും.