Connect with us

Business

ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്; ഹൈപ്പര്‍മാര്‍ക്കറ്റും തുറക്കും

ഭക്ഷ്യ സംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക്‌സ് ഹബ്ബും സ്ഥാപിക്കാന്‍ 200 കോടിയുടെ പദ്ധതി ധാരണാപത്രം ഒപ്പുവെച്ചു

Published

|

Last Updated

അബുദബി | ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ 200 കോടി രൂപയുടെ നിക്ഷേപം ആദ്യഘട്ടത്തില്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ജമ്മു കശ്മീര്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തില്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ സര്‍ക്കാരിനു വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ പ്രകാശ് താക്കുറും ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.അഷ്‌റഫ് അലിയുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. യു.എ.ഇ. വിദേശവ്യാപാര മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയ്ദി, ഇന്ത്യയിലെ യു.എ.ഇ./ അംബാസഡര്‍ ഡോ.അഹമ്മദ് അല്‍ ബന്ന, ദുബായിലെ ഇന്ത്യയുടെ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

മൂന്ന് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍്ക്കറ്റില്‍ സംഘടിപ്പിച്ച ‘കശ്മീര്‍ പ്രമോഷന്‍ വീക്ക്’ ഉദ്ഘാടനം ചെയ്തു. ഒരാഴ്ച നീളുന്ന പരിപാടിയില്‍ കശ്മീരില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്‌സ്, ധാന്യവര്‍ഗ്ഗങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമെത്തുന്നുണ്ട്.

കശ്മീരി കുങ്കുമപ്പൂവ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍

ഭൂമിശാസ്ത്രപരമായി കശ്മീരിനെ അടയാളപ്പെടുത്തുന്ന ലോക പ്രശസ്തമായ ജിഐ ടാഗുള്ള കുങ്കുമപ്പൂവിന്റെ പ്രദര്‍ശന ഉദ്ഘാടനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വ്വഹിച്ചു.

ലുലു ഗ്രൂപ്പ് നിലവില്‍ ജമ്മു കശ്മീരില്‍ നിന്ന് ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. കുങ്കുമപ്പൂവ് കൂടി വില്‍പനയുടെ ഭാഗമാക്കുന്ന ഈ പുതിയ തുടക്കത്തോടെ ലുലു ഗ്രൂപ്പുമായുള്ള വ്യാപാര ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലുലു ഗ്രൂപ്പുമായുള്ള ധാരണാപത്രം ജമ്മു കശ്മീരും യു.എ.ഇ.യും തമ്മിലുള്ള സഹകരണം കൂടുതല്‍ വിപുലമാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഇന്ത്യ യുഎഇ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായും ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് യുഎഇ വിദേശവ്യാപാര മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയ്ദി പറഞ്ഞു. ശ്രീനഗറില്‍ ലുലു സ്ഥാപിയ്ക്കാനൊരുങ്ങുന്ന ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിനും മറ്റ് പദ്ധതികള്‍ക്കും അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

ജമ്മു കശ്മീരില്‍ ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും, തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടി രൂപ മാറ്റിവെച്ചതായും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. ശ്രീനഗറില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും. പദ്ധതികളിലൂടെ പ്രദേശവാസികളായ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിയ്ക്കും. ഇതിന് പുറമെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വലിയ പ്രയോജനമുണ്ടാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും തമ്മിലുള്ള നിരന്തര ചര്‍ച്ചകള്‍ളുടെ ഫലമായാണ് ജമ്മു കശ്മീരില്‍ ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ക്ക് വഴിയൊരുങ്ങിയത്. കശ്മീരിലെ ഉത്പന്നങ്ങള്‍ സംഭരിയ്ക്കാനുള്ള സന്നദ്ധതയും, ശ്രീനഗറില്‍ ലോജിസ്റ്റിക്‌സ് ഹബ്ബ് സ്ഥാപിച്ച് തടസ്സമില്ലാത്ത വിതരണത്തിന് വഴിയൊരുക്കാമെന്നും പ്രധാനമന്ത്രിയെ യൂസഫലി അറിയിച്ചിരുന്നു.

ഇന്ത്യയില്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, വാല്‍നട്ട്, ബദാം ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനത്തില്‍ ജമ്മു കശ്മീര്‍ ഒന്നാം സ്ഥാനത്താണ്. ലുലു ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചതോടെ ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഉപഭോക്താക്കളിലേക്ക് ജമ്മു കശ്മീരിന് നേരിട്ട് ഉത്പന്നങ്ങള്‍ എത്തിക്കാന്‍ വഴിതുറക്കും.

Latest