lulu hypermarket
ലുലു ഹൈപ്പർമാർക്കറ്റ് ഇനി ദുബൈ മാളിലും
അടുത്ത വർഷം ഏപ്രിലോടെ ദുബൈ മാൾ ലുലു പ്രവർത്തനം ആരംഭിക്കും.

ദുബൈ | ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറക്കുന്നു. ഇത് സംബന്ധിച്ച കരാറിൽ ബുർജ് ഖലീഫ, ദുബൈ മാൾ എന്നിവയുടെ ഉടമസ്ഥരായ ഇമാർ പ്രോപ്പർട്ടീസും ലുലു ഗ്രൂപ്പും ധാരണാപത്രം ഒപ്പ് വെച്ചു. ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
എമാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ജയിൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അശ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീം, എമാർ മാൾസ് സി ഇ ഒ വാസിം അൽ അറബി സന്നിഹിതരായിരുന്നു. അടുത്ത വർഷം ഏപ്രിലോടെ ദുബൈ മാൾ ലുലു പ്രവർത്തനം ആരംഭിക്കും. ലോകത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിന് ഇമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു.
ലോകത്തെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാളായ ദുബൈ മാളിൽ ആയിരത്തിലധികം റീട്ടെയിൽ ബ്രാൻഡുകളാണ് പ്രവർത്തിക്കുന്നത്. ഉയരത്തിൽ ലോകപ്രശസ്ത കെട്ടിടമായ ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചുകിടക്കുന്നു ദുബൈ മാൾ. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 240ലധികം ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്.