Connect with us

Business

ദുബൈ സൗത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു

ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫിനാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Published

|

Last Updated

ദുബൈ | ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഏവിയേഷന്‍ സിറ്റി, ലോജിസ്റ്റിക്‌സ് എന്നിവയില്‍ കേന്ദ്രീകരിക്കുന്ന ദുബൈയിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബൈ സൗത്തിലാണ് പുതിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്.

ദുബൈ ഏവിയേഷന്‍ സിറ്റി കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഖലീഫ അല്‍ സഫിനാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ 248ാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിപുലമായ സൂപ്പര്‍ മാര്‍ക്കറ്റ്, ഫ്രഷ് ഫുഡ്, ഗാര്‍ഹിക ഉത്പന്നങ്ങള്‍, ലുലു കണക്ട്, ഫാഷന്‍ ഉള്‍പ്പെടെ ഏറ്റവും നൂതനമായ സംവിധാനത്തോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്.

ദുബൈ എമിറേറ്റിലെ ഏറ്റവും വലിയ നഗര പദ്ധതിയായ ദുബൈ സൗത്തില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. ഇതിനായുള്ള സൗകര്യങ്ങള്‍ ചെയ്തു തന്ന ദുബൈ ഭരണാധികാരികള്‍ക്ക് നന്ദി പറയുന്നു.

യു എ ഇയിലെ ഏറ്റവും പ്രമുഖമായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ദുബൈ സൗത്ത് വക്താവ് അറിയിച്ചു. സൗത്തിലെ താമസക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ ശ്രദ്ധാലുക്കളാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

ദുബൈ റസിഡന്‍ഷ്യല്‍ ഡിസ്ട്രിക്ടിലെ വിവിധ രാജ്യക്കാരായ ജനസമൂഹത്തിനും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഏറെ ഉപകാരപ്രദമാകും. ‘ദുബൈ സൗത്ത്’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ദുബൈ വേള്‍ഡ് സെന്‍ട്രല്‍ 145 ചതുരശ്ര കിലോമീറ്ററില്‍ ഉരുത്തിരിഞ്ഞു വരുന്ന ഒരു നഗരസമുച്ചയമാണ്. ഒരു ദശലക്ഷം ജനസംഖ്യയെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ‘ദുബൈ സൗത്ത്.’

2006-ല്‍ ആരംഭിച്ച ഈ ദുബൈ ഉപ നഗര സംവിധാനം ദുബൈ പ്ലാന്‍ 2021-ല്‍ വിവരിച്ചിരിക്കുന്ന നഗര-സാമൂഹിക തീമുകള്‍ പ്രകടമാക്കുന്നതാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതാണ് നഗരം.

സന്തോഷകരവും സര്‍ഗാത്മകവും ശാക്തീകരിക്കപ്പെട്ടതുമായ ജീവിത രീതി അനുവര്‍ത്തിക്കുന്നവരുടെ നഗരമാക്കി ഈ പ്രദേശത്തെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഇഷ്ടപ്പെടുന്ന സ്ഥലമായും ആഗോള സമ്പദ്വ്യവസ്ഥയിലെ ഒരു സുപ്രധാന കേന്ദ്രമായും ഇവിടം മാറുകയാണ്.

ദുബൈ സൗത്ത് സാമ്പത്തിക പ്ലാറ്റ്ഫോം എല്ലാത്തരം വ്യവസായത്തെയും പിന്തുണയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാന്‍ പോകുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവും ദുബൈ സൗത്തിനെ ശക്തിപ്പെടുത്തും. ദുബൈ എക്‌സ്‌പോ സിറ്റിയുടെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലാണ് ലുലുവിന്റെ പുതിയ ദുബൈ സൗത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് നിലകൊള്ളുന്നത്.

ലുലു ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം, റീജ്യണല്‍ ഡയറക്ടര്‍ തമ്പാന്‍ പൊതുവാള്‍ എന്നിവരും സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest