Connect with us

Business

മിഡില്‍ ഈസ്റ്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ പി ഒ റെക്കോര്‍ഡ് ലുലുവിന്; നിക്ഷേപകര്‍ക്ക് നന്ദി അറിയിച്ച് യൂസഫലി

25 ഇരട്ടി ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ രേഖപ്പെടുത്തി ലുലു ഐ പി ഒ. 82,000 റെക്കോര്‍ഡ് സബ്‌സ്‌ക്രൈബേഴ്‌സ്. ഓഹരിക്ക് മികച്ച ഇഷ്യൂ വില 2.04 ദിര്‍ഹം. സമാഹരിച്ചത് മൂന്നു ലക്ഷം കോടിയിലധികം രൂപ.

Published

|

Last Updated

അബൂദബി | സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐ പി ഒ സബ്‌സ്‌ക്രിബ്ഷന്‍. പ്രതീക്ഷിച്ചതിനെക്കാള്‍ 25 ഇരട്ടി അധിക സമാഹരണം ലുലു ഐ പി ഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് മൂന്നു ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. 82,000 സബ്‌സ്‌ക്രൈബേഴ്‌സ് എന്ന റെക്കോര്‍ഡ്.

സബ്‌സ്‌ക്രിപ്ഷന്‍ ഇന്നലെ (നവംബര്‍ 05) അവസാനിച്ചു. മിഡില്‍ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐ പി ഒ എന്ന റെക്കോര്‍ഡ് ലുലു സ്വന്തമാക്കി. ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിര്‍ഹം നിശ്ചയിച്ചു.

അബൂദബി പെന്‍ഷന്‍ ഫണ്ട്, എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, ബഹ്‌റൈന്‍ മുംതലകത്ത് ഹോള്‍ഡിങ്‌സ്, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, സഊദി പി ഐ എഫ്, ഹസാന പെന്‍ഷന്‍ ഫണ്ട്, സിംഗപ്പൂര്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകര്‍. ജി സി സി രാജകുടുംബങ്ങള്‍, ജി സി സി സോവറിന്‍ വെല്‍ത്ത് ഫണ്ട്, സിംഗപ്പൂര്‍ വെല്‍ത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി.

സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച ഒക്ടോബര്‍ 28ന് ആദ്യ മണിക്കൂറില്‍ തന്നെ റെക്കോര്‍ഡ് സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. വന്‍ ഡിമാന്‍ഡ് പരിഗണിച്ച് ഓഹരി 25ല്‍ നിന്ന് 30 ശതമാനം ആയി ഉയര്‍ത്തിയിരുന്നു. കൂടുതല്‍ നിക്ഷേപകര്‍ക്ക് ലുലു റീട്ടെയ്ല്‍ ശൃംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാര്‍ഥ്യമാക്കിയത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കിടയില്‍ ഐ പി ഒയെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതല്‍ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐ പി ഒക്ക് കഴിഞ്ഞു. ലുലു എന്ന ബ്രാന്‍ഡില്‍ പൊതുനിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ തെളിവാണ് ലുലു ഐ പി ഒക്ക് കിട്ടിയ ഈ മികച്ച സ്വീകാര്യത. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ജി സി സിയിലെ ഭരണനേതൃത്വങ്ങള്‍, സ്വദേശികള്‍, പ്രവാസികള്‍ എന്നിവര്‍ നല്‍കിയ പിന്തുണ എടുത്തുപറയേണ്ടതാണ്. ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതല്‍ പുതിയ നിക്ഷേപകരെ കൊണ്ടുവരാന്‍ ലുലു ഐ പി ഒ വഴിവച്ചുവെന്നതും ഞങ്ങള്‍ക്ക് ഏറെ അഭിമാനകരമാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.

ജി സി സിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും ലുലുവിനുണ്ട്. പുണ്യനഗരമായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം ജി സി സിയില്‍ വലിയ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. ഇന്ത്യയിലും മികച്ച ഭാവിപദ്ധതികളാണ് ലുലു നടപ്പാക്കുന്നത്. കോട്ടയം, കൊല്ലം കൊട്ടിയം അടക്കം കേരളത്തിലെ വിവിധ ജില്ലകളിലായി മികച്ച റീട്ടെയ്ല്‍ പദ്ധതികളാണ് ഒരുങ്ങുന്നത്.

അഹമ്മദാബാദില്‍ പുതിയ ഷോപ്പിങ് മാള്‍, തിരുപ്പതി, ഗുരുഗ്രാം, ചെന്നൈ, കര്‍ണാടക എന്നിവിടങ്ങളിലായി മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുങ്ങുന്നു. ഗ്രേയ്റ്റര്‍ നോയിഡ, ശ്രീനഗര്‍ എന്നിവിടങ്ങളിലടക്കം പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രങ്ങളും തുറക്കും. കൂടാതെ 32 നിലകളിലായി ഒരുങ്ങിയിരിക്കുന്ന കൊച്ചിയിലെ ട്വിന്‍ ടവര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഐടി ടവറാകും. 25,000 ഐ ടി പ്രൊഫഷണലുകള്‍ക്കാണ് ലുലു ട്വിന്‍ ടവറിലൂടെ തൊഴില്‍ ലഭിക്കുന്നത്.