school lunch
ഉച്ചഭക്ഷണം: പ്രധാനാധ്യാപകരുടെ ആശങ്കകള്‍ അസ്ഥാനത്തല്ല
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റതാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കുമ്പോള്‍, ഒരു കുട്ടിക്ക് ഏഴോ എട്ടോ രൂപ എന്ന പരിമിതമായ തുകയില്‍ പദ്ധതി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് പദ്ധതിയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട പ്രധാനാധ്യാപകരുടെ ചോദ്യം.
ഉപ്പുമാവില് നിന്ന് തുടങ്ങി കഞ്ഞിയിലേക്കും വിഭവ സമൃദ്ധമായ സദ്യയിലേക്കും പാല്‍, മുട്ട തുടങ്ങിയ പോഷകാഹാരങ്ങളിലേക്കും വളര്‍ന്ന സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് നല്ലൊരു ആശ്വാസമാണെങ്കിലും പ്രധാന അധ്യാപകര്‍ക്ക് കടുത്ത തലവേദനയായി മാറിയിരിക്കുകയാണിത്. പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസം 150 മില്ലി ലിറ്റര്‍ തിളപ്പിച്ച പാല്‍, ഒരു ദിവസം മുട്ട, മുട്ട കഴിക്കാത്തവര്‍ക്ക് അതേ വിലയ്ക്കുള്ള നേന്ത്രപ്പഴം, രണ്ട് കറികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പദ്ധതിക്ക് അരിയും പാചകക്കൂലിയും മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടത് പ്രധാനാധ്യാപകനാണ്. ഇതിന് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നത് 150 കുട്ടികള്‍ വരെയുള്ള സ്‌കൂളില്‍ ഒരു കുട്ടിക്ക് എട്ട് രൂപ വീതവും 150ല്‍ മീതെ കുട്ടികളുള്ള സ്‌കൂളില്‍ കുട്ടി ഒന്നിന് ഏഴ് രൂപ വീതവും. 2016 സെപ്തംബര്‍ അഞ്ചിന് നിശ്ചയിച്ച തുകയാണിത്. പിന്നീടുള്ള ആറ് വര്‍ഷങ്ങള്‍ക്കിടെ ഭക്ഷ്യവസ്തുക്കള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചിരിക്കെ സര്‍ക്കാര്‍ നല്‍കുന്ന തുക തീര്‍ത്തും അപര്യാപ്തമാണെന്നും ചുരുങ്ങിയത് ഒരു കുട്ടിക്ക് പതിനഞ്ച് രൂപ വെച്ച് ലഭിച്ചെങ്കിലേ പുതിയ മെനു അനുസരിച്ച് ഭക്ഷണം നല്‍കാനാകുകയുള്ളൂവെന്നുമാണ് അധ്യാപകര്‍ പറയുന്നത്.
കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളര്‍ച്ചക്കും സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്കിന് പരിഹാരമായുമാണ് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചത്. സര്‍ക്കാര്‍ തലത്തില്‍ പദ്ധതി ആരംഭിച്ചത് 1984 മുതല്‍ ആണെങ്കിലും അതിനു കാല്‍ നൂറ്റാണ്ടു മുമ്പേ 1961-62 കാലത്ത് “കോ-ഓപറേറ്റീവ് ഫോര്‍ അമേരിക്കന്‍ എവരിവേര്‍’ (കെയര്‍) സഹായത്തോടെ ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ ഈ പദ്ധതി നടന്നു വന്നിരുന്നു. 1984ഓടെ കെയര്‍ ഈ സഹായധനം നിര്‍ത്തലാക്കി. അതോടെ പദ്ധതിയുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായത്. 84ല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം നല്‍കിയിരുന്ന ഉച്ചഭക്ഷണം 85 മുതല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ബാധകമാക്കി. 1985 ഡിസംബര്‍ മുതല്‍ പദ്ധതി യു പി സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു. തുടക്കത്തില്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചു നടപ്പാക്കി വന്നിരുന്ന പദ്ധതി 1995 മുതല്‍ കേന്ദ്ര/സംസ്ഥാന സംയുക്ത പദ്ധതിയാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണം ഓരോ വിദ്യാര്‍ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണെന്ന 2001 നവംബര്‍ 28ലെ സുപ്രീം കോടതി വിധിയോടെ പദ്ധതിക്ക് നിയമപരമായ പരിവേഷവും ലഭിച്ചു. രാജസ്ഥാനിലെ സിവില്‍ ലിബര്‍ട്ടീസ് പ്യൂപ്പിള്‍സ് യൂനിയന്‍ ഉച്ചഭക്ഷണത്തിനുള്ള അവകാശം എന്ന പേരില്‍ സമര്‍പ്പിച്ച ലോസ്യൂട്ടാണ് കോടതി ഉത്തരവിനാധാരം.
കഴിഞ്ഞ വര്‍ഷം “പ്രധാനമന്ത്രി പോഷണ്‍ പദ്ധതി’ എന്ന പേരിലേക്ക് മാറ്റിയ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രം 60 ശതമാനവും സംസ്ഥാനങ്ങള്‍ 40 ശതമാനവും നല്‍കുന്നു. ധാന്യങ്ങളും അനുബന്ധ ഭക്ഷണത്തിനുള്ള ധനസഹായവുമാണ് കേന്ദ്രം നിര്‍വഹിക്കുന്നത്. ഗതാഗതം, ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യം, തൊഴിലാളികള്‍ എന്നിവക്കുള്ള ചെലവ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്. രാജ്യത്തെ 11.20 ലക്ഷം സ്‌കൂളുകളിലെ 11.80 കോടി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി 2026 വരെ തുടരുന്നതിന് കഴിഞ്ഞ സെപ്തംബറില്‍ ചേര്‍ന്ന പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി (സി സി ഇ എ) അംഗീകാരം നല്‍കുകയും കേന്ദ്ര ഫണ്ടായി 54,000 കോടി രൂപ വകയിരുത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടി രൂപയും ചെലവിടും. കേരളത്തില്‍ 12,327 വിദ്യാലയങ്ങളിലായി 26,54,807 വിദ്യാര്‍ഥികളാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ കീഴില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍മീല്‍ വിഭാഗമാണ് സംസ്ഥാന തലത്തില്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ച കൂടി കണക്കിലെടുത്തുള്ള പദ്ധതിയാകയാല്‍ പാചക തൊഴിലാളികള്‍ക്ക് ആരോഗ്യ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, സ്‌കൂളുകളില്‍ മതിയായ സ്ഥലസൗകര്യം, ഗുണനിലവാരമുള്ള അടുക്കള, സ്റ്റോര്‍ മുറി, മാലിന്യനിര്‍മാര്‍ജന സംവിധാനം എന്നിവ ഉറപ്പു വരുത്തണമെന്ന് ചട്ടങ്ങള്‍ നിര്‍ദേശിക്കുന്നു. സ്കൂളുകളിലെ വാട്ടര്‍ ടാങ്കുകളും കിണറുകളും പി ടി എയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ വൃത്തിയാക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ ഏതെങ്കിലും അംഗീകൃത ലാബില്‍ പരിശോധനക്കു വിധേയമാക്കുകയും ചെയ്യണം. പല സ്‌കൂളുകളിലും ഇവയൊന്നും കൃത്യമായി പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. അടുത്തിടെ സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിലൂടെ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂളുകളിലെ പാചകപ്പുരകളിലെ ശുചിത്വവും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനും ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട 7,149 സ്‌കൂളുകളില്‍ അധികൃതര്‍ പരിശോധന നടത്തുകയും അപാകതകള്‍ കണ്ടെത്തിയ 395 സ്‌കൂളുകള്‍ക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുകയുണ്ടായി. അതേസമയം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുറ്റമറ്റതാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനും അധികൃതര്‍ നടപടി സ്വീകരിക്കുമ്പോള്‍, ഒരു കുട്ടിക്ക് ഏഴോ എട്ടോ രൂപ എന്ന പരിമിതമായ തുകയില്‍ പദ്ധതി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് പദ്ധതിയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട പ്രധാനാധ്യാപകരുടെ ചോദ്യം. സഹാധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും നേരേ കൈനീട്ടിയാണ് നിലവില്‍ പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതെന്നും ഇക്കാര്യത്തില്‍ അടിയന്തര പരിഹാരം വേണമെന്നുമുള്ള അവരുടെ ആവശ്യം സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധക്ക് വിഷയീഭവിക്കേണ്ടതുണ്ട്.