Articles
എം കുഞ്ഞാമന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്
വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ രാഷ്ട്രീയ കാരണങ്ങളെ കൃത്യമായി വിശകലനത്തിന് വിധേയമാക്കുന്നുണ്ട് അദ്ദേഹം
കേരളത്തിലെ ദളിത് ധൈഷണിക രംഗത്ത് കൃത്യമായ ഇടപെടല്‍ നടത്തിയ വ്യക്തിത്വമായിരുന്നു എം കുഞ്ഞാമന്‍. അദ്ദേഹത്തിന്റെ ഇടപെടല്‍ കേരളം ശ്രദ്ധയോടെ കേള്‍ക്കുന്ന സമയത്താണ് ആ വിടപറയല്‍. 1974ലാണ് കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ വിജയിക്കുന്നത്. എന്ന് മാത്രമല്ല കെ ആര്‍ നാരായണനു ശേഷം ഒന്നാം റാങ്ക് ലഭിക്കുന്ന ദളിത് വിദ്യാര്‍ഥിയായിരുന്നു എം കുഞ്ഞാമന്‍. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഡോ. കെ എന്‍ രാജന് കീഴില്‍ ‘കേരളത്തിലെ തെക്കന്‍ വടക്കന്‍ ജില്ലകളിലെ ആദിവാസി ജീവിതത്തെ കുറിച്ചുള്ള താരതമ്യ പഠനം’ എന്ന വിഷയത്തില്‍ ഗവേഷണം നടത്തി. കുസാറ്റില്‍ നിന്ന് പി എച്ച് ഡി. 1979ല്‍ കേരള സര്‍വകശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ അധ്യാപകന്‍. പ്രൊഫസറായിരിക്കെ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ച് 2006ല്‍ മഹാരാഷ്ട്രയിലെ തുല്‍ജാപ്പൂരിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറായി ചേര്‍ന്നു. പിന്നീട് അദ്ദേഹം കേരളത്തില്‍ നടത്തിയിട്ടുള്ള ദളിത് ജീവിതവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ രാഷ്ട്രീയ കാരണങ്ങളെ കൃത്യമായി വിശകലനത്തിന് വിധേയമാക്കുന്നുണ്ട് അദ്ദേഹം. എതിര് എന്ന പുസ്തകത്തില്‍ അതിന്റെ വിശദമായ വിവരണം ഉണ്ട്. താന്‍ നേടിയ അറിവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. സ്വന്തം ജീവിതത്തില്‍ നിന്നുകൊണ്ട് അതിന്റെ സാമൂഹിക കാരണങ്ങളെ അദ്ദേഹം കണ്ടെത്തുന്നുണ്ട്. താന്‍ വളര്‍ന്നു വന്ന വഴി, ആ വളര്‍ച്ചയില്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന മനോഭാവം. അത് സവര്‍ണ സാമ്പത്തിക മേല്‍ക്കോയ്മയില്‍ രൂപപ്പെട്ടുവന്ന അധീശത്വ മനോഭാവത്തിന്റെ ഭാഗമായിരുന്നു. അതിനെ മറികടക്കാന്‍ ദളിത്, ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ ജ്ഞാന ശക്തിയായി തീരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് അവസാന കാലത്ത് അദ്ദേഹം നിരന്തരം പറഞ്ഞത്. പലപ്പോഴും അത് സാധ്യമാകാത്തതിന്റെ കാരണങ്ങളെ കൂടി എം കുഞ്ഞാമന്‍ കണ്ടെത്തുന്നുണ്ട്. പ്രധാനമായും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ നിലനില്‍ക്കെ കഴിവും പ്രാപ്തിയുമുള്ള ദളിത് മനുഷ്യര്‍ക്ക് തങ്ങളുടെ ജ്ഞാനാധികാരത്തെ വ്യവസ്ഥിതിയുമായി ബന്ധപ്പെടുത്തി മുന്നോട്ടു നയിക്കാന്‍ കഴിയാത്തതിന്റെ രാഷ്ട്രീയ കാരണങ്ങളെ അദ്ദേഹം കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്.
അദ്ദേഹം പറയുന്നുണ്ട്. ‘വിവേചനം ഇല്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അല്ലാതെ ഒരു ദളിത് എം പി കൂടി ഉണ്ടാകുകയല്ല വേണ്ടത്. അതുകൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. ദളിത് പ്രസിഡന്റും ചീഫ് ജസ്റ്റിസും ഉണ്ടായിട്ടും അത് വ്യവസ്ഥിതിയെ പൊളിച്ചെഴുതാന്‍ സഹായിച്ചിട്ടില്ല. കീഴാളര്‍ക്ക് പാണ്ഡിത്യം ആയുധമാണ്, വ്യവസ്ഥിതിക്കെതിരെ പ്രയോഗിക്കാനുള്ള ആയുധം.’ ഈ രീതിയിലുള്ള കൃത്യമായ രാഷ്ട്രീയ ബോധമാണ് കുഞ്ഞാമനെ കേരളത്തിലെ ദളിത് ധൈഷണിക മേഖലയില്‍ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കിയത്. വിദ്യാഭ്യാസത്തെ സമൂഹത്തിന്റെ കരുത്തുറ്റ ഊര്‍ജമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അവിടെ ദളിത് പിന്നാക്ക ആദിവാസി വിഭാഗത്തിന് മുഖ്യധാരാ ജീവിതവുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ രാഷ്ട്രീയ അധികാരത്തേക്കാള്‍ കൂടുതല്‍ സാമൂഹിക അധികാരം നേടേണ്ടതിന്റെ പ്രാധാന്യത്തെ നിരന്തരം അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ അധികാരത്തെ നിയന്ത്രിക്കാനുള്ള ശക്തി ജ്ഞാന സമ്പാദനത്തിന് ഉണ്ടെന്ന് അദ്ദേഹം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്നു. കേരളത്തിലെ മറ്റേത് ദളിത് ചിന്തകളില്‍ നിന്നും കുഞ്ഞാമന്റെ ചിന്ത വേറിട്ട് നില്‍ക്കുന്നത് അത് നിരന്തരം സംവദിക്കുന്നത് അധികാരത്തോട് മാത്രമല്ല, അധികാരത്തെ ബലപ്പെടുത്തുന്ന അറിവിനെ മുന്‍നിര്‍ത്തിയായത് കൊണ്ടാണ്. അതായത് രാഷ്ട്രീയ പ്രാതിനിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണ്, അതിനു മുകളിലാണ് വൈജ്ഞാനികാധികാരം എന്ന് അദ്ദേഹം കണ്ടെത്തുന്നു. ഈ അര്‍ഥത്തില്‍ പരമ്പരാഗത പിന്നാക്ക ദളിത് വിമോചന പ്രത്യയശാസ്ത്രങ്ങളുടെ അകത്തുകയറി ജ്ഞാനാധികാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റേതായ നിരീക്ഷണങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാണിച്ച വ്യക്തിത്വം കൂടിയായിരുന്നു എം കുഞ്ഞാമന്‍. ആ മഹാ വ്യക്തിത്വത്തിന്റെ അഭാവം കേരളീയ സാംസ്‌കാരിക, വൈജ്ഞാനിക രംഗത്ത് ഉണ്ടാക്കിയ അഭാവം ചെറുതല്ല.