Kerala
എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു വിട്ടുനല്‍കിയ സംഭവം: പെണ്മക്കളുടെ റിവ്യൂഹരജി തള്ളി
ഹരജിയില്‍ നേരത്തെ തന്നെ അപ്പീല്‍ പോയിരുന്നതിനാല്‍ റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹരജി തള്ളിയത്.

കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കിയതിനെതിരെ പെണ്‍മക്കള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി ജി അരുണാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
തങ്ങളുടെ ആവശ്യം തള്ളിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു ശേഷം ലഭിച്ച ചില വീഡിയോ തെളിവുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍മക്കളായ ആശാ ലോറന്‍സ്, സുജാത എന്നിവര്‍ ഹൈക്കോടതിയില്‍ റിവ്യൂപെറ്റീഷന്‍ നല്‍കിയത്. ഹരജിയില്‍ നേരത്തെ തന്നെ അപ്പീല്‍ പോയിരുന്നതിനാല്‍ റിവ്യൂ പെറ്റീഷന് പ്രസക്തിയില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹരജി തള്ളിയത്.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും സുപ്രീം കോടതിയും ആശയുടെയും സുജാതയുടെയും ആവശ്യം നിരാകരിച്ചിരുന്നു.