Connect with us

m sivasankar

സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകളുമായി എം ശിവശങ്കറിന്റെ പുസ്തകം നാളെ പുറത്തിറങ്ങും

ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ എന്നാണ് ഡി സി ബുക്സ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനായി ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ കൂടിയാണ് പുസ്തകം പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ടെന്നാണ് സൂചന. കേസിൽ ഉൾപ്പെട്ടതിനെ തുടർന്നുള്ള സസ്പെൻഷൻ ഈയിടെയാണ് സർക്കാർ പിൻവലിച്ചത്. തുടർന്ന് അദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, ഇതുവരെ ഏത് തസ്തികയാണെന്ന് സർക്കാർ നിശ്ചയിച്ചിട്ടില്ല.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥന്റെ അനുഭവകഥയെന്നാണ് പുസ്തകത്തെ സംബന്ധിച്ച് പ്രസാധകരായ ഡി സി പറയുന്നത്. യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി. പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും പ്രസാധക കുറിപ്പ്.