Kerala
മഅദിന്‍ മഹബ്ബ കോണ്‍ഫറന്‍സ് പ്രൗഢമായി
പ്രവാചക ജീവിതം തുറന്ന പുസ്തകമാണെന്നും ശത്രുവിനോട് പോലും കാരുണ്യം കാണിച്ച മാതൃകയാണ് തിരുനബിയുടേതെന്നും ഖലീൽ തങ്ങൾ
മലപ്പുറം | റബീഅ് ക്യാമ്പയിനിന്റെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച മഹബ്ബ കോണ്‍ഫറന്‍സ് പ്രൗഢമായി. മഅദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാചക ജീവിതം തുറന്ന പുസ്തകമാണെന്നും ശത്രുവിനോട് പോലും കാരുണ്യം കാണിച്ച മാതൃകയാണ് തിരുനബിയുടേതെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഇസ്‍ലാമിനെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതമായി തെറ്റിദ്ധരിപ്പിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ കാലങ്ങളായി നടന്ന് വരുന്നതാണെന്നും ഇസ്‍ലാം മതത്തിന്റെ സമാധാന സന്ദേശം സമൂഹത്തിലെത്തിക്കേണ്ടത് ഓരോ പ്രവാചക സ്‌നേഹിയുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക പ്രശസ്ത പണ്ഡിതന്‍ സയ്യിദ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖ്യാതിഥിയായി. പണ്ഡിത ദര്‍സിനും പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി.
സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു.