Connect with us

Malappuram

പുണ്യമാസത്തില്‍ മനംനിറച്ച് മഅ്ദിന്‍ ഇഅ്തികാഫ് ജല്‍സ

ഇഅ്തികാഫ് ജല്‍സയുടെ ഭാഗമായി നിരവധി സജ്ജീകരണങ്ങളാണ് മസ്ജിദില്‍ തയ്യാറാക്കിയിട്ടുള്ളത്.

Published

|

Last Updated

മലപ്പുറം | റമസാനില്‍ 30 ദിവസവും ഇഅ്തികാഫിനെത്തുന്നവരുടെ മനസ്സ് നിറച്ച് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ്. ഇഅ്തികാഫ് ജല്‍സയുടെ ഭാഗമായി നിരവധി സജ്ജീകരണങ്ങളാണ് മസ്ജിദില്‍ തയ്യാറാക്കിയിട്ടുള്ളത്. റമസാനിലെ ദിനരാത്രങ്ങള്‍ ആത്മീയവഴിയില്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഉതകുന്ന തരത്തില്‍ പ്രത്യേകം ഷെഡ്യൂളുകളും ക്രമീകരിച്ചിട്ടുണ്ട്. ആയിരം മാസങ്ങളേക്കാള്‍ പവിത്രതയുള്ള ലൈലത്തുല്‍ ഖദറിന്റെ ആഗമനം ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കപ്പെടുന്ന അവസാന പത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി ഇഅ്തികാഫിന്റെ പുണ്യംതേടി കേരളത്തിനകത്തും പുറത്തും നിന്നായി ആയിരങ്ങളാണ് ഓരോ വര്‍ഷവും മഅ്ദിനിലെത്തുന്നത്. ഓരോ ദിവസവും ഹദീസ്, തജ്വീദ്, കര്‍മശാസ്ത്രം, ചരിത്രപഠനം തുടങ്ങിയ വ്യത്യസ്ത പഠനക്ലാസുകളും തസ്ബീഹ് നിസ്‌കാരം, ഇസ്തിഗ്ഫാര്‍ ജല്‍സ, സ്വലാത്ത് മജ്‌ലിസ് തുടങ്ങിയ വിപുലമായ സമയക്രമവുമാണ് ഗ്രാന്‍ഡ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സയുടെ സവിശേഷത.

ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം തുടങ്ങിയവര്‍ ആത്മീയ മജ്‌ലിസുകള്‍ക്കും ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അസ്‌ലം സഖാഫി മൂന്നിയൂര്‍ തുടങ്ങിയവര്‍ പഠനക്ലാസുകള്‍ക്കും നേതൃത്വം നല്‍കും. ഇഅ്തികാഫിനെത്തുന്നവര്‍ക്ക് പ്രത്യേകം നോമ്പുതുറയും അത്താഴവും മുത്താഴവും ക്ലോക്ക് റൂം, റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇഅ്തികാഫിനെത്തുന്നത്. ഒറ്റയ്ക്കും കൂട്ടായും ആരാധനാ കര്‍മങ്ങളില്‍ മുഴുകാമെന്നതും പണ്ഡിതന്മാരുമായി ആശയവിനിമയം നടത്തി ആരാധനാ കര്‍മങ്ങള്‍ പിഴവില്ലാതെ തനത് രീതിയില്‍ ചെയ്യാമെന്നതും മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഇഅ്തികാഫ് വിശ്വാസികള്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നു. ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഷൗക്കത്തലി സഖാഫിയുടെ നേതൃത്വത്തില്‍ സന്നദ്ധസേവകര്‍ സദാസമയം കര്‍മനിരതരായി രംഗത്തുണ്ട്. ഇഅ്തികാഫിന്റെ ഓരോ ദിനങ്ങളും വേറിട്ട അനുഭവങ്ങളായി മാറുമ്പോള്‍ ആത്മീയമായ നിരവധി വിഭവങ്ങളാണ് ഇവിടെയെത്തുന്നവര്‍ക്ക് സ്വായത്തമാക്കാനാവുക.

ഗ്രാന്‍ഡ് ഇഫ്താറിനൊരുങ്ങി സ്വലാത്ത് നഗര്‍
ഒരുലക്ഷം വിശ്വാസികള്‍ സംബന്ധിക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനൊരുങ്ങി മഅ്ദിന്‍ സ്വലാത്ത് നഗര്‍. ഇരുപത്തിയേഴാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിനെത്തുന്ന ഒരു ലക്ഷം വിശ്വസികള്‍ക്കാണ് വിപുലമായ നോമ്പുതുറയൊരുക്കുന്നത്. നോമ്പ് തുറപ്പിക്കുന്നതിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ വീട്ടമ്മമാര്‍ വീടുകളില്‍ ഉണ്ടാക്കുന്ന പത്തിരിയും പലഹാരങ്ങളുമാണ് പ്രധാനമായും ഇഫ്ത്വാറിന് ഉപയോഗിക്കുന്നത്. ജില്ലയുടെ അകത്തും പുറത്തും നിന്നായി വീടുകളില്‍ നിന്ന് സുന്നി സംഘ കുടുംബത്തിന്റെ സഹായത്തോടെ ശേഖരിച്ച വിഭവങ്ങള്‍ വൈകുന്നേരത്തോടെ സ്വലാത്ത് നഗറിലെത്തും. ഇഫ്ത്വാറിന് വേണ്ടി പ്രത്യേകം രൂപവത്കരിച്ച വളണ്ടിയര്‍മാരാണ് നോമ്പുതുറ സജ്ജീകരിക്കുക.

സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളുടെ ഒരുമയുടെ ഫലമാണ് പ്രാര്‍ഥനാ സമ്മേളനത്തിലെ ഗ്രാന്‍ഡ് ഇഫ്ത്വാര്‍. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരുടെ ഒരുമിച്ചുള്ള ശ്രമമാണ് മഅ്ദിന്‍ അക്കാദമിയുടെയും ഗ്രാന്‍ഡ് ഇഫ്ത്വാറിന്റെയും വിജയമെന്ന് സംഘാടകള്‍ അഭിപ്രായപ്പെട്ടു. റമസാന്‍ ഒന്ന് മുതല്‍ തന്നെ മഅ്ദിന്‍ കാമ്പസില്‍ ആരംഭിച്ച ഇഫ്ത്വാര്‍ നിരവധി പേര്‍ക്കാണ് ആശ്വാസം പകരുന്നത്. യാത്രക്കാര്‍, ഉദ്യോഗസ്ഥര്‍, വിവിധ ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍, സാധാരണക്കാര്‍, ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമാണ് മഅ്ദിനിലെ സമൂഹ ഇഫ്ത്വാര്‍.

ചരിത്ര പഠിതാക്കള്‍ക്ക് ആഴത്തിലുള്ള വിജ്ഞാനം പകര്‍ന്ന് ചരിത്രപഠന ക്ലാസ്
മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന ഇസ്‌ലാമിക ചിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചരിത്രപഠനം ശ്രദ്ധേയമാണ്. മഅ്ദിന്‍ അക്കാദമിയിലെ പ്രധാന മുദരിസും പ്രമുഖ പണ്ഡിതനും ചരിത്രകാരനുമായ സുലൈമാന്‍ ഫൈസി കിഴിശ്ശേരിയാണ് ക്ലാസിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖിലാഫത്ത് ഭരണം, ഇസ്‌ലാമിക ചരിത്രത്തിലെ സൂഫിവര്യന്മാര്‍, മദ്ഹബിലെ ഇമാമുമാര്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ചരിത്രപഠന ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു.

ഈ വര്‍ഷം ശീഇസമാണ് പഠനക്ലാസ് വിഷയം. ശീഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം, വളര്‍ച്ച, വിവിധ വിഭാഗങ്ങള്‍, ആശയവൈകല്യങ്ങള്‍, കേരളത്തിലെ പുതിയകാല ത്വരീഖത്തുകളിലെ ശീഈ സ്വാധീനം എന്നിവ പഠന വിധേയമായി. ചരിത്ര ഗവേഷകര്‍, വിദ്യാര്‍ഥികള്‍, അക്കാദമിക വിദഗ്ധര്‍, പണ്ഡിതര്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഉപകാരപ്രദമാണ് സുലൈമാന്‍ ഫൈസിയുടെ ചരിത്രപഠന സെഷനുകള്‍. പള്ളിയില്‍ ഒത്തുകൂടുന്ന നൂറുകണക്കിന് ആളുകള്‍ക്കു പുറമേ ഓണ്‍ലൈന്‍ വഴി കേള്‍ക്കുന്ന ആയിരങ്ങളാണ് ക്ലാസിന്റെ നിത്യശ്രോതാക്കള്‍.

വിഭവാരവമൊരുക്കി മലപ്പുറം സോണ്‍
ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിന് വിഭവ സമാഹരണം നടത്തി മലപ്പുറം സോണ്‍ പ്രാസ്ഥാനിക കുടുംബം. എട്ടു സര്‍ക്കിളുകളിലെ 69 യൂണിറ്റുകളില്‍ നിന്നാണ് വിഭവങ്ങളുമായി വാഹനങ്ങളെത്തിയത്. അരി, പഞ്ചസാര, ചായപ്പൊടി, തേങ്ങ, പച്ചക്കറികള്‍ തുടങ്ങിയ വിഭവങ്ങളാണ് സുന്നി സംഘ കുടുംബത്തിന്റെ നേതൃത്വത്തില്‍ സ്വലാത്ത് നഗറിലെത്തിച്ചത്.

മുന്‍ വര്‍ഷങ്ങളിലേതിനുപരി ക്രിയാത്മക സംവിധാനത്തിലൂടെ അരിയും മറ്റു വിഭവങ്ങളുമാണ് യൂണിറ്റുകളില്‍ നിന്നു സമാഹരിച്ചത്. സാദാത്തുക്കള്‍, മുതഅല്ലിമുകള്‍, യതീമുകള്‍, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങി കാല്‍ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ സൗജന്യമായി പഠിക്കുന്ന സ്ഥാപനത്തിന് വലിയൊരു ആശ്വാസമാണ് ഇത്തരം വിഭവ സമാഹരണങ്ങള്‍. വിഭവങ്ങളുമായെത്തിയ സോണിലെ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും മഅ്ദിന്‍ കുടുംബാംഗങ്ങളും സ്വീകരണം നല്‍കി.

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, പി പി മുജീബ് റഹ്മാന്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, ബദ്റുദ്ധീന്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ അഹ്മദ് അലി, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, എസ് എസ് എഫ് മലപ്പുറം ഡിവിഷന്‍ പ്രസിഡന്റ് ഹംസ ഫാളിലി സംബന്ധിച്ചു.

അക്ഷര വിരുന്നൊരുക്കാന്‍ ഉറവ ബുക്ക് ദുക്കാന്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തുന്ന വിശ്വാസികള്‍ക്ക് പ്രാര്‍ഥനാ സമ്മേളന നഗരിയില്‍ ഉറവ ബുക്ക് ദുക്കാന്‍ അക്ഷര വിരുന്നൊരുക്കും. മഅ്ദിന്‍ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സിനു കീഴില്‍ ഒരുക്കുന്ന പുസ്തക പീടികയില്‍ ഉറവയുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ ഐ പി ബി, റീഡ്, അതര്‍, പൂങ്കാവനം എന്നിവരുടെയും വിവിധ പുസ്തകങ്ങള്‍ ലഭ്യമാകും. നഗരിയുടെ രണ്ടിടങ്ങളിലായാണ് ദുക്കാന്‍ പ്രവര്‍ത്തന സജ്ജമാകുക.

ഇസ്‌ലാം, സാഹിത്യം, പഠനം, നോവല്‍, യാത്ര, ചരിത്രകഥകള്‍, നബിവായനകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയ വിവിധ ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്നത് വിശ്വാസികള്‍ക്ക് ഏറെ അനുഗ്രഹമാകും. വിവരങ്ങള്‍ക്ക്: 7356114436, 9539139135.

 

Latest