Malappuram
മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം; ഒരുക്കങ്ങള്‍ തുടങ്ങി
പ്രാര്‍ഥനാ സമ്മേളനം റമസാന്‍ 27-ാം രാവും അവസാന വെള്ളിയാഴ്ച രാവും സംഗമിക്കുന്ന മാര്‍ച്ച് 27ന്.

മലപ്പുറം | റമസാന്‍ 27-ാം രാവും അവസാന വെള്ളിയാഴ്ച രാവും സംഗമിക്കുന്ന മാര്‍ച്ച് 27ന് മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ആയിരം മാസങ്ങളുടെ പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്ന ലൈലത്തുല്‍ ഖദ്‌റിന് ഏറ്റവും സാധ്യതയുള്ള ദിവസവും വെള്ളിയാഴ്ച രാവും ഒന്നിച്ചു വരുന്നതിനാല്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നുമായി വിശ്വാസി ലക്ഷങ്ങള്‍ ആത്മീയ സംഗമത്തിനെത്തും.
മഅ്ദിന്‍ അക്കാദമിയിലെ പ്രധാന വേദിക്ക് പുറമെ പരിസരത്തെ വിവിധ ഗ്രൗണ്ടുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പ്രാര്‍ഥനാ സമ്മേളനത്തിനായി സജ്ജീകരിക്കും. ഇഅ്തികാഫിനെത്തുന്ന ആയിരങ്ങള്‍ക്ക് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലും ഓള്‍ഡ് മസ്ജിദിലും പ്രത്യേക സൗകര്യങ്ങളൊരുക്കും. നോമ്പു തുറ, അത്താഴം എന്നിവക്ക് ഇത്തവണ കൂടുതല്‍ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
സമൂഹത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരിക്കെതിരെ ലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് മഅ്ദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷനു കീഴില്‍ (മിംഹാര്‍) വിവിധ പദ്ധതികള്‍ നടപ്പിലാക്കും. മഅ്ദിന്‍ ഹോസ്‌പൈസിന് കീഴില്‍ പ്രാഥമിക ശുശ്രൂഷാ കേന്ദ്രം പ്രവര്‍ത്തിക്കും.
മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനത്തിന് മുന്നോടിയായി വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിഭവ സമാഹരണ യാത്രയെ മാര്‍ച്ച് 23ന് ഞായറാഴ്ച വൈകിട്ട് നാലിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
പ്രാര്‍ഥനാ സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സേവനത്തിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയര്‍മാനും എ പി അബ്ദുല്‍ കരീം ഹാജി ചാലിയം ജനറല്‍ കണ്‍വീനറും ഈത്തപ്പഴം ബാവ ഹാജി ഫിനാന്‍സ് സെക്രട്ടറിയും കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി ഗ്ലോബല്‍ കണ്‍വീനറും പി എം മുസ്തഫ കോഡൂര്‍ വര്‍ക്കിംഗ് കണ്‍വീനറും പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവി സഅദി, എം ദുല്‍ഫുഖാറലി സഖാഫി കോര്‍ഡിനേറ്റര്‍മാരും സി കെ ഖാലിദ് സഖാഫി വര്‍ക്കിംഗ് കോര്‍ഡിനേറ്ററുമായി 5555 അംഗ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. വിവിധ സ്ഥലങ്ങളില്‍ വളണ്ടിയേഴ്‌സ് സംഗമങ്ങള്‍ നടന്നു വരുന്നു.
ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗം സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവിയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം കണ്‍വീനര്‍ പി പി മുജീബുറഹ്മാന്‍ വടക്കേമണ്ണ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, മഅ്ദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്‌റാഹീം ബാഖവി, സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, അബ്ദുല്‍ ഗഫൂര്‍ സഖാഫി കൊളപ്പറമ്പ്, പി എം അഹ്മദലി കോഡൂര്‍, ടിപ്പുസുല്‍ത്താന്‍ അദനി സംബന്ധിച്ചു.
റമസാന്‍ അവസാന പത്തിലെ ഇഅ്തികാഫ് സംഗമം
റമസാന്‍ അവസാന പത്തില്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഇഅ്തികാഫ് സംഗമം നടക്കും. ഖത്മുല്‍ ഖുര്‍ആന്‍, കര്‍മ്മ ശാസ്്ത്ര പഠനം, ചരിത്ര പാഠം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, സംശയ നിവാരണം, വിവിധ ആത്മീയ മജ്‌ലിസുകള്‍ എന്നിവ നടക്കും. നോമ്പ് തുറ, അത്താഴ-മുത്താഴ സൗകര്യങ്ങളോടെയുള്ള ഇഅ്തികാഫ് ജല്‍സയില്‍ പങ്കെടുക്കാന്‍ 9072310111, 9072310222 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഇ- കൊമേഴ്‌സ് പണ്ഡിത ക്യാമ്പ്
ഓരോ സാമ്പത്തിക ഇടപാടുകളും ഇലക്ട്രോണിക് വത്ക്കരിക്കുകയും ക്രയവിക്രയ മേഖലയില്‍ നോണ്‍ കറന്‍സി സിസ്റ്റം വ്യാപകമാവുകയും ചെയ്ത സാഹചര്യത്തില്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് 17, 18 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 വരെ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പണ്ഡിത ക്യാമ്പ് സംഘടിപ്പിക്കും. ഷെയര്‍ ബിസിനസ്, റോബോട്ടിക് ട്രേഡിംഗ്, ഡിജിറ്റല്‍ കറന്‍സി, ബിറ്റ് കോയിന്‍, ഓഹരി വിപണി, ഫോറക്‌സ് ട്രേഡിംഗ്, സകാത്ത് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്യാമ്പിന് ഏലംകുളം അബ്ദുറഷീദ് സഖാഫി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. രജിസ്‌ട്രേഷന് 9947352006.