Kerala
എം എ ബേബിക്ക് എ കെ ജി സെന്ററില്‍ സ്വീകരണം
പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അന്തിമമാക്കിയ നയപരിപാടികള്‍ നടപ്പാക്കുകയെന്ന കടമ ഏറ്റെടുക്കുന്നു

തിരുവനന്തപുരം | സി പി എം ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എ കെ ജി സെന്ററിലെത്തിയ എം എ ബേബിക്ക് ആവേശകരമായ സ്വീകരണം. പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അന്തിമമാക്കിയ നയപരിപാടികള്‍ നടപ്പാക്കുകയെന്ന കടമയാണ് തനിക്കു നിര്‍വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വമാണ്.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചനടത്തി നിലപാട് രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യം ഗുരുതരമായ വെല്ലുവിളി നേരിടുന്ന സമയമാണിത്. കേരളത്തിലെ ഇടത് സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ നേതൃത്വത്തിനുണ്ട്.
ഇതിനായി പാര്‍ട്ടി ഒറ്റക്കെട്ടായി അണി നിരക്കണം. നവ വര്‍ഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നു. എമ്പുരാന്‍ സിനിമയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണ്. ഗുരുതരമായ നിയമലംഘനമാണ് സിനിമയ്ക്കെതിരെ ഉണ്ടായത്. എമ്പുരാന്‍ സിനിമയ്ക്കെതിരെ നടന്നത് ഫാസിസ്റ്റ് നടപടിയാണ്. സെന്‍സറിങ് അനുമതി ലഭിച്ച സിനിമയ്ക്കെതിരെയാണ് വീണ്ടും പ്രതിഷേധം ഉണ്ടായത് എം എ ബേബി വ്യക്തമാക്കി.