Connect with us

Ongoing News

തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് എം എ യൂസഫലി

എളിമയും സ്‌നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.

Published

|

Last Updated

യു എ ഇ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മിയോടൊപ്പം തോമസ് പ്രഥമന്‍ കതോലിക്ക ബാവയും എം എ യൂസഫലിയും അബൂദബിയില്‍ (ഫയല്‍ ഫോട്ടോ)

അബൂദബി | മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് എം എ യൂസഫലി. തോമസ് പ്രഥമന്‍ കതോലിക്ക ബാവ കാലം ചെയ്തുവെന്ന വാര്‍ത്ത അത്യന്തം ദു:ഖത്തോടെയാണ് അറിഞ്ഞത്. എളിമയും സ്‌നേഹവും കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.

ബാവ തിരുമേനിയുമായി വര്‍ഷങ്ങളുടെ സ്‌നേഹവും ആത്മബന്ധവുമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ എളിമയാര്‍ന്ന ജീവിതവും ആതിഥ്യമര്യാദയും സ്‌നേഹവും ഹൃദയസ്പര്‍ശിയായി പല അവസരങ്ങളിലും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും അറിവിന്റെ പുതിയ തലങ്ങളിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്.

ബാവാ തിരുമേനിയുടെ ശിപാര്‍ശ പ്രകാരം 2004 ല്‍ സഭയുടെ കമാന്‍ഡര്‍ പദവി ഏറ്റുവാങ്ങിയ അവസരമാണ് അദ്ദേഹവുമായി എനിക്കുണ്ടായ ഏറ്റവും ശ്രേഷ്ഠമായ ഒരു അനുഭവം. യാക്കോബായ സുറിയാനി സഭയുടെ സര്‍വോന്മുഖമായ പുരോഗതിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കര്‍മ്മനിരതനായ തിരുമേനിയുടെ നിര്യാണത്തില്‍ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.-യൂസഫലി പറഞ്ഞു.