Connect with us

International

സഹപ്രവര്‍ത്തകനെ ചേര്‍ത്ത് പിടിച്ച് എം എ യൂസഫലി

മൂന്ന് പതിറ്റാണ്ടായി തന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ എം എ യൂസഫലി ചേര്‍ത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്‌

Published

|

Last Updated

അബുദബി| മൂന്ന് പതിറ്റാണ്ടായി തന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ പ്രമുഖ വ്യവസായി എം എ യൂസഫലി ചേര്‍ത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദബി ബൈനല്‍ ജസ്രൈന്‍ റബ്ദാന്‍ മാളില്‍ കഴിഞ്ഞ ദിവസം തുറന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വേളയിലാണ് മൂന്ന് പതിറ്റാണ്ടായി തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി മൊയ്തീന്‍ കബീറിനെ ചേര്‍ത്തു നിര്‍ത്തി അതിഥികള്‍ക്ക് പരിചയപ്പെടുത്തിയത്.

1994 മെയ് 15നാണ് മൊയ്തീന്‍ കബീര്‍ ആദ്യമായി ലുലുവില്‍ ജോലിയില്‍ പ്രവേശിച്ചത്. ആദ്യത്തെ 14 വര്‍ഷം അബുദബി മുശ്രിഫ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റിലും കഴിഞ്ഞ 15 വര്‍ഷമായി ബൈനല്‍ ജസ്രൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലുമാണ് മൊയ്തീന്‍ ജോലി ചെയ്യുന്നത്. വളരെ സന്തോഷത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് ലുലുവില്‍ ജോലി ചെയ്യുന്നത് എന്ന് മൊയ്തീന്‍ സിറാജിനോട് പറഞ്ഞു.

സാധാരണ മുതലാളിമാര്‍ ജീവനക്കാരെ ജീവനക്കാരായി കാണുമ്പോള്‍ യൂസഫ് ഭായ് തന്നെ സഹോദരന് തുല്യമാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും സ്‌നേഹമാണ്. കാണുമ്പോഴൊക്കെ കുടുംബത്തിലെ വിശേഷം ചോദിച്ചറിയും. മകളുടെ കല്യാണത്തിന് വിളിക്കുകയും ആശംസ അറിയിക്കുകയും ചെയ്തിരുന്നു. ആരോഗ്യമുള്ള കാലത്തോളം ലുലുവില്‍ തുടരാനാണ് താല്‍പര്യമെന്നും മൊയ്തീന്‍ കബീര്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ടിക് ടോകില്‍ മാത്രം ഒരു കോടിയില്‍ കൂടുതലാളുകളാണ് ഈ വീഡിയോ കണ്ടത്. ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള മറ്റു സാമൂഹിക മാധ്യമങ്ങളിലും ഈ വീഡിയോ നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest