Connect with us

Business

എം എ യൂസഫലി ഇന്ത്യയുടെ റോവിങ് അംബാസഡര്‍: കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് മന്ത്രി തുടക്കം കുറിച്ചു.

Published

|

Last Updated

റിയാദ് | ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഇന്ത്യയുടെ റോവിങ് അംബാസഡര്‍ ആണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യ-സഊദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതില്‍ ലുലു നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ വ്യാവസായിക പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും സൗഹൃദം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് ഊര്‍ജമായെന്നും മന്ത്രി പറഞ്ഞു.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സഊദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സഊദിയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കഠിനാധ്വാനം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ലിസ്റ്റഡ് കമ്പനിയായി മാറിയ ലുലു ഇന്ന് ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ അഭിമാനമാണ്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ലുലുവിനുള്ളത്. ഇന്ത്യയും ജി സി സി രാഷ്ട്രങ്ങളും തമ്മിലുള്ള മികച്ച വാണിജ്യബന്ധത്തിന് ലുലു മികച്ച സേവനമാണ് നല്‍കുന്നത്. ഇന്ത്യ-സഊദി വാണിജ്യ ബന്ധത്തിന് കൂടുതല്‍ കരുത്തേകാന്‍ ലുലുവിലെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് കഴിയുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

ഇന്ത്യയുടെ രുചിവൈവിധ്യങ്ങളും മഹത്തായ സംസ്്കാരവും വിളിച്ചോതുന്ന നിരവധി കാമ്പയിനുകളാണ് ലുലു നടത്തുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത പ്രവാസ സമൂഹത്തിന് ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം കൂടിയാണ് ലുലു നല്‍കുന്നത്.

സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പടെ ജി സി സിയിലെ ഭരണനേതൃത്വങ്ങള്‍ നല്‍കുന്ന മികച്ച പിന്തുണയ്ക്കും ഉപഭോക്താക്കളുടെ സ്വീകാര്യതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് യൂസഫലി പ്രതികരിച്ചു. 3800 സഊദി സ്വദേശികള്‍ക്കാണ് രാജ്യത്തെ 65 ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി നേരിട്ട് തൊഴിലവസരം ലഭിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനകം സഊദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലാണ് ലുലു. ഇതോടെ 10,000 സഊദി സ്വദേശികള്‍ക്കാണ് തൊഴില്‍ ലഭിക്കുകയെന്നും യൂസഫലി പറഞ്ഞു.

സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ലുലു സഊദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് അടക്കമുള്ളവരും ചടങ്ങില്‍ സംബന്ധിച്ചു. ലഡാക്ക് ആപ്പിള്‍, ഓര്‍ഗാനിക് ബ്യൂട്ടിപ്രൊഡക്ടുകള്‍, മില്ലറ്റ്‌സ് അടക്കം അമ്പതിലേറെ ഇന്ത്യന്‍ ഉത്പന്നങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കിയിരിക്കുന്നത്.

 

 

Latest