Malappuram
ലഹരിക്കെതിരെ മതില്‍ കെട്ടി മഅദിന്‍ അക്കാദമി; പ്രതിരോധ മതിലില്‍ അണിചേര്‍ന്ന് ആയിരങ്ങള്‍
ലഹരിവിരുദ്ധ യജ്ഞത്തിനായി മത സാമൂഹിക രംഗത്തെ പ്രമുഖര്‍ ഒരേവേദി പങ്കിട്ടത് ശ്രദ്ധേയമായി.
മലപ്പുറം | ലഹരിക്കെതിരെ മതില്‍ കെട്ടി മഅദിന്‍ അക്കാദമി. മലപ്പുറം നഗരത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിരോധ മതില്‍ ലഹരിക്കെതിരെയുള്ള മികച്ച ബോധവത്കരണമായി മാറി. മലപ്പുറം എം.എസ്.പി മുതല്‍ കിഴക്കേതല വരെ അണിനിരന്ന പരിപാടിയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണി നിരന്നു. ലഹരി വിരുദ്ധ ബോധവല്‍ക്കരണങ്ങള്‍, ലഘു ലേഖാ വിതരണം, ലഹരി വിരുദ്ധ ഗാന ശില്‍പം, ലഹരിവിരുദ്ധ മുദ്രാവാക്യം, പ്രതിജ്ഞ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു. ലഹരിവിരുദ്ധ യജ്ഞത്തിനായി മത സാമൂഹിക രംഗത്തെ പ്രമുഖര്‍ ഒരേവേദി പങ്കിട്ടതും ശ്രദ്ധേയമായി.
രാവിലെ 9.30 ന് ആരംഭിച്ച പരിപാടി മഅദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കൗമാരക്കാരെയും യുവാക്കളെയും ലഹരി വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്. ലോകത്തെല്ലാ മതങ്ങളും ശാസ്ത്രങ്ങളും വെറുക്കുന്ന ഒന്നാണ് ലഹരി. ലഹരി വിപത്ത് പരിപൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നത് വരെ ഒത്തൊരുമിച്ച് പോരാടണമെന്നും മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, ഉബൈദുള്ള എം.എല്‍.എ, ഡി.സി.സി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി കെ എസ് വര്‍ഗീസ്, മണ്ണൂര്‍ ശിവക്ഷേത്രം രക്ഷാധികാരി ഉണ്ണികൃഷ്ണന്‍ നമ്പീഷന്‍, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, എസ്്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശാക്കിര്‍ സിദ്ധീഖി, ഇ. മുഹമ്മദ് കുഞ്ഞി, വി.പി അനില്‍, അഡ്വ. മുസ്തഫ കൂത്രാടന്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, നൗഫല്‍ കോഡൂര്‍ എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണങ്ങള്‍ നടത്തി.
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി മഅദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന് കീഴില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ ട്രീറ്റ്മെന്റ്, സൗജന്യ മെഡിസിന്‍ വിതരണം, സ്‌കൂള്‍, കോളേജ് തലങ്ങളില്‍ ബോധവല്‍ക്കരണം, ആസ്വാദന പരിപാടികള്‍, ഗ്രാമങ്ങളില്‍ ലഹരി സര്‍വേ, ഫല്‍ഷ് മോബ്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും. മിംഹാറിന് കീഴില്‍ കഴിഞ്ഞ മാസം 2500 കിലോമീറ്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ യാത്ര സംഘടിപ്പിച്ചിരുന്നു.