Malappuram
മഅദിന്‍ ഇന്റലക്ച്വല്‍ കോണ്‍ക്ലേവിനു പ്രൗഢ തുടക്കം
പത്മശ്രീ ഡോ. അക്തറുല്‍ വാസി ഡല്‍ഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു
മലപ്പുറം | ‘പുതുമകളെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ മഅദിന്‍ അക്കാദമി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഇന്റലക്ച്വല്‍ കോണ്‍ക്ലേവിനു പ്രൗഢമായ തുടക്കം. പത്മശ്രീ ഡോ. അക്തറുല്‍ വാസി ഡല്‍ഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനുഷ്യനെ ധാര്‍മികമായി സംസ്‌കരിക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക് നിസ്തുല്യമാണെന്നും വിവിധ വിഷയങ്ങളിലുള്ള ഗഹനമായ ചര്‍ച്ചകളും സംവാദങ്ങളും സമൂഹത്തിന് വലിയ വിജ്ഞാനച്ചെപ്പ് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. കാലം അതിവേഗം സഞ്ചരിച്ച് കൊണ്ടിരിക്കുകയാണെന്നും വരാനിരിക്കുന്ന 50 വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ ഇന്റലക്ച്വല്‍ കോണ്‍ക്ലേവിന്റെ തീം ടോക്ക് അവതരിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി, മഅദിന്‍ കുല്ലിയ്യ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ജുനൈദ് അദനി അങ്ങാടിപ്പുറം, ഡോ. ഇബ്രാഹിം സിദ്ധീഖി സംസാരിച്ചു.
വായനയുടെ രസതന്ത്രം എന്ന വിഷയത്തിലുള്ള സെഷന്‍ ‘ഐ പേജില്‍’ അക്കാദമിക് ലൈബ്രറേറിയന്‍ ഡോ. എ, ടി ഫ്രാന്‍സിസ്, യാസര്‍ അറഫാത് നൂറാനി, ലുഖ്മാന്‍ കരുവാരക്കുണ്ട്, രിള്വാന്‍ അദനി ആക്കോട് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. രാത്രി 7 ന് അഷ്‌റഫ് സഖാഫി പുന്നത്, ഡോ. കെ.ടി അബ്ദുറഹ്മാന്‍, ശാഹുല്‍ ഹമീദ് ഐക്കരപ്പടി എന്നിവരുടെ നേതൃത്വത്തില്‍ ഗാന ശില്‍പം നടന്നു.
ശനിയാഴ്ച രാവിലെ 10ന് ന്യൂ മീഡിയ സംസ്‌കാരം എന്ന വിഷയത്തിലുള്ള സംവാദം ‘ഐ ലെന്‍സ്’ നടക്കും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജീവ് ശങ്കരന്‍, നിഷാദ് റാവുത്തര്‍, ആനന്ദ് കൊച്ചുകുടി, ബി കെ സുഹൈല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ചക്ക് 2ന് പ്രശസ്ത വിദ്യാഭ്യാസ ഗവേഷകനും അസാപ് കോഡിനേറ്ററുമായ ഡോ. അനീജ് സോമരാജ് പുതിയ വിദ്യാഭ്യാസ നയവും മോഡേണ്‍ രീതികളും എന്ന വിഷയത്തിലുള്ള ‘ഐ ലേണ്‍’ ഉദ്ഘാടനം ചെയ്യും. ഡോ. നൗഷാദ് പി. പി. സ്വാലിഹ് അദനി എന്നിവര്‍ പ്രസംഗിക്കും.
വൈകുന്നേരം 7ന് ആധുനിക സാങ്കേതിക വികാസങ്ങളുടെ അനന്തര ഫലങ്ങള്‍ എന്ന വിഷയത്തിലുള്ള അക്കാദമിക് സെഷന്‍ ‘ഐ ടെക്’ല്‍ സാങ്കേതിക മേഖലകളിലെ നിപുണരായ ജസദ് മൂഴിയന്‍, കളത്തില്‍ കാര്‍ത്തിക്, ഇന്‍ഫിനൈറ്റ് ഓപ്പണ്‍ സോഴ്സ് സൊലൂഷ്യന്‍ കോ ഫൗണ്ടര്‍ അബ്ദുല്‍ മജീദ്, അബൂത്വാഹിര്‍ അദനി പുലാന്തോള്‍ എന്നിവര്‍ സംസാരിക്കും.
ഞായര്‍ രാവിലെ 10 ന് നടക്കുന്ന വെല്‍നസ്സ് സെഷനായ ഐ-സെന്‍സില്‍ സൈക്യാട്രിക് മേഖലയിലെ വിദഗ്ധരായ ഡോ. ഫവാസ്, ഡോ. എം.ഐ ഖലീല്‍, ഡോ. ഷമീര്‍ അലി, ഷബീര്‍ അലി അദനി എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 02 ന് ആരോഗ്യം സെഷനായ ‘ഐ-ക്യുയര്‍’ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഇന്‍ ലത്വീഫ്, ശഫീഖ് അദനി എന്നിവര്‍ പ്രസംഗിക്കും.