Connect with us

MUHARAM

മഅദിന്‍ മുഹറം ആശൂറാഅ് സമ്മേളനം ബുധനാഴ്ച സ്വലാത്ത് നഗറില്‍

മഹ്ളറത്തുല്‍ ബദ്രിയ്യ സംഗമവും വനിതാ വിജ്ഞാന സദസ്സും ചൊവ്വ

Published

|

Last Updated

മലപ്പുറം | ഇസ്ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക്് സാക്ഷ്യം വഹിച്ച മുഹറം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന്് മഅദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹറം ആത്മീയ സമ്മേളനം നാളെ ബുധനാഴ്ച രാവിലെ 8 മുതല്‍ നോമ്പുതുറ വരെ സ്വലാത്ത് നഗറില്‍ നടക്കും.

പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹറത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍.
മുഹറം സമ്മേളനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വനിതകള്‍ക്കായി രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരെമണി വരെ ഹോം സയന്‍സ് ക്ലാസും മഹ്ളറത്തുല്‍ ബദ്രിയ്യ പ്രാര്‍ത്ഥനാ മജ്ലിസും നടക്കും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.

ആശൂറാഅ് ദിനമായ നാളെ (മുഹറം 10) രാവിലെ എട്ടിന് ആശൂറാഅ് സംഗമത്തിന് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്ലാസ് പാരായണം, മുഹറം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹറം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. ഇമാം ഹുസൈന്‍ (റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും. പ്രാര്‍ത്ഥനകള്‍ക്കും മജ്ലിസുകള്‍ക്കും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. അരലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅദിന്‍ കാമ്പസില്‍ സജ്ജീകരിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും. കാല വര്‍ഷം പരിഗണിച്ച് മഅദിന്‍ ഗ്രാന്റ് മസ്ജിദ്, മഅദിന്‍ ഓഡിറ്റോറിയം എന്നീ സൗകര്യങ്ങള്‍ക്ക് പുറമെ വിപുലമായ പന്തല്‍ സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ആത്മീയ പരിപാടികള്‍ വിശ്വാസികള്‍ക്ക് അലോസരങ്ങളില്ലാതെ കാണുന്നതിനും കേള്‍ക്കുന്നതിനും എല്‍ ഇ ഡി വാള്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടാവും. 1001 അംഗ വളണ്ടിയര്‍ കോറിന്റെ സേവനവും നഗരിയിലുണ്ടാകും.

ഹിജ്‌റ വര്‍ഷാരംഭം കൂടിയായ മുഹറം ഒന്ന് മുതല്‍ മഅദിന്‍ കാമ്പസില്‍ നടന്നു വരുന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണ് ഈ സംഗമം. ഫസ്റ്റ് ഓഫ് മുഹറം, സ്റ്റുഡന്‍്‌സ് അസംബ്ലി, ഹിജ്റ സെമിനാര്‍, ഗോളശാസ്ത്ര ശില്‍പ്പശാല, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, ക്വിസ് മത്സരങ്ങള്‍, മെസ്സേജ് ഡിസ്പ്ലേ വിതരണം തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചത്. വിവരങ്ങള്‍ക്ക്: 9072310111, 9072310222

 

Latest