Malappuram
മഅദിന്‍ മുല്‍തഖല്‍ അഷ്റാഫ് സാദാത്ത് സംഗമവും അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റും ബുധനാഴ്ച സ്വലാത്ത് നഗറില്‍
മുല്‍തഖല്‍ അഷ്റാഫ് സാദാത്ത് സംഗമവും അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റും രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം | കേരളത്തിലെ വിവിധ ഖബീലകളില്‍ പെട്ട തങ്ങന്‍മാരെ പങ്കെടുപ്പിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ ബുധനാഴ്ച സ്വലാത്ത് നഗറില്‍ നടക്കുന്ന മുല്‍തഖല്‍ അഷ്റാഫ് സാദാത്ത് സംഗമവും അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റും രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅദിന്‍ അക്കാമദി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് അനുഗ്രഹ പ്രഭാഷണം നടത്തും.
മഅദിന്‍ അക്കാദമി സാദാത്ത് കുടുംബങ്ങളിലെ വിധവകള്‍ക്ക് നല്‍കുന്ന സാന്ത്വനം ഫണ്ട് വിതരണോദ്ഘാടനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സന്ദേശ പ്രഭാഷണം നടത്തും. സയ്യിദ് ഇസ്്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി അവാര്‍ഡ് ദാനം നടത്തും. സയ്യിദ് ശറഫുദ്ദീന്‍ ജമുല്ലൈലി ചേളാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാദാത്തുക്കള്‍ സംബന്ധിക്കും.
രാവിലെ 8 മുതല്‍ അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റിന് തുടക്കമാകും. 9 വേദികളിലായി 42 ഇനങ്ങളില്‍ രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും.