Kerala
വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം മഅ്ദനി ആശുപത്രി വിട്ടു
എല്ലാവര്‍ക്കും നന്ദിയെന്ന് മഅ്ദനി

കൊച്ചി | വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചാണ് മഅ്ദനിക്ക് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പരിചരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചാണ് മഅ്ദനി മടങ്ങിയത്.
തുടര്‍ന്നും ചികിത്സക്കായി ആശുപതിയില്‍ എത്തേണ്ടി വരും. ആശുപത്രിയോട് വലിയ കടപ്പാടുണ്ട്. ഇവരുടെ ഇടപെടലാണ് പലപ്പോഴും ജീവന്‍ രക്ഷിച്ചത്. പരിചരിച്ച എല്ലാവര്‍ക്കും നന്ദി. ഇപ്പോള്‍ താത്കാലികമായി വിടപറയുകയാണെന്ന് ഡിസ്ചാര്‍ജിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാല്‍, യുറോ സര്‍ജന്‍ ഡോ. സച്ചിന്‍ ജോസഫ്, അനസ്തേഷ്യ വിഭാഗം തലവന്‍ ഡോ. വിനോദന്‍, ഡോ. കൃഷ്ണ തുടങ്ങിയവരാണ് മഅ്ദനിയുടെ ചികിത്സക്കും പരിശോധനകള്‍ക്കും നേതൃത്വം നല്‍കിയത്. നേരത്തേ പേരിട്രേണിയല്‍- ഹീമോ ഡയാലിസിസുകള്‍ സംയുക്തമായി ചെയ്തിട്ടും രക്തസമ്മര്‍ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീര്‍ണമായ ശാരീരിക അവസ്ഥയെ വിവിധ സമയങ്ങളില്‍ മഅ്ദനി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണവും ഒരു വര്‍ഷക്കാലത്തോളം ദീര്‍ഘമായി നീളുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യവും ആവശ്യമാണ്.
ഭാര്യ സൂഫിയ മഅ്ദനി, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.