Connect with us

abdul nasar maadani

കോടതിമുറികളിലെ നിയമപോരാട്ടത്തിന് മഅദനിക്ക് ഇനി മകൻ്റെ കരുത്തും

അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് മഅദനിയെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്.

Published

|

Last Updated

കൊച്ചി | ജീവിതത്തിൻ്റെ വലിയൊരു ഭാഗം വിചാരണാ തടവുകാരനായി ജയിലറയിൽ കഴിയേണ്ടി വന്ന അബ്ദുന്നാസർ മഅദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി അഭിഭാഷകനായി കേരള ഹൈക്കോടതിയിൽ എൻറോൾ ചെയ്തു. ആലുവയിലെ ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് സ്വലാഹുദ്ദീൻ അഞ്ച് വർഷത്തെ നിയമപഠനം പൂർത്തിയാക്കിയത്. മകൻ്റെ എൻറോളിംഗ് ചടങ്ങ് ആശുപത്രി കിടക്കയിൽ വെച്ച് ആരോഗ്യ അവശതകൾക്കിടയിലും മഅദനി കൺനിറയെ കണ്ടു.

എറണാകുളം കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കെ എൻ അനിൽ കുമാർ (ചെയർമാൻ, ബാർ കൗൺസിൽ ഓഫ് കേരള), മനോജ്കുമാർ എൻ (ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗം), ഗോപാലകൃഷ്ണ കുറുപ്പ് (അഡ്വക്കറ്റ് ജനറൽ), കെ പി ജയചന്ദ്രൻ (അഡീ. അഡ്വക്കറ്റ് ജനറൽ), നസീർ കെ കെ, എസ് കെ പ്രമോദ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് ഡയസ് ആണ് എൻറോൾമെന്റ് സർട്ടിഫിക്കറ്റ് നൽകിയത്.

അങ്ങനെ, നിരന്തര നീതി നിഷേധത്തിന്റെ ഒട്ടധികം എപ്പിസോഡുകളുടെ നടുവിലൂടെ എന്റെ മകൻ ന്യായാന്യായങ്ങളെ വേർതിരിക്കുവാനുള്ള കറുത്ത ഗൗൺ ഇന്ന് അണിഞ്ഞെന്ന് മഅദനി വികാരവായ്പോടെ പ്രതികരിച്ചു. അയ്യൂബിക്ക് പത്ത് മാസം പ്രായമുള്ളപ്പോഴാണ് മഅദനിയെ കോയമ്പത്തൂർ ജയിലിൽ അടയ്ക്കുന്നത്. പിന്നീട് അവന്റെ ലോകം പ്രധാനമായി കോയമ്പത്തൂർ, സേലം ജയിലുകളിലെ സന്ദർശക മുറികളും അവിടുത്തെ വ്യത്യസ്ത സ്വഭാവക്കാരായ ജയിൽ ഉദ്യോഗസ്‌ഥരുമൊക്കെയായിരുന്നു.

പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങളുടെ നടുവിലൂടെ വളരേണ്ടി വന്ന ബാല്യമായിരുന്നു അവന്റേതെന്നും മഅദനി പറഞ്ഞു. ഒരിക്കൽ ഭാര്യ സൂഫിയയെ ഉപദ്രവിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ കുഞ്ഞുകൈകൾ കൊണ്ട് തടുക്കാൻ ശ്രമിച്ചപ്പോൾ ജയിൽ മുറ്റത്ത് വലിച്ചചെറിയപ്പെട്ടു. ചോരയൊഴുകുന്ന അന്നത്തെ അവന്റെ മുഖം ഇപ്പോഴും മറക്കാനാവാത്ത എന്റെ ഓർമ്മയാണ്. ഇന്ന്,നല്ല മാർക്കോടെ എൽ എൽ ബി പാസ്സ് ആയതിന്റെ സന്തോഷം രേഖപ്പെടുത്തുമ്പോൾ അവിടെ എത്തിപ്പെടാൻ ഒട്ടനവധി വിഷമങ്ങൾ അവന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ വല്ലാത്ത അരക്ഷിതാവസ്ഥ അനുഭവിച്ചു.

എറണാകുളം തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ എൽ കെ ജി പഠനവും നിലമ്പൂർ പീവീസിലെ യു കെ ജി, ഒന്നാം ക്ലാസ് പഠനവും പിന്നീട് ഒൻപതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പീവീസിൽ കിട്ടിയ ക്ലാസ്സുകളും മാത്രമാണ് എൽ എൽ ബിക്ക് മുൻപ് അവന് സുരക്ഷിതമായി ലഭ്യമായിട്ടുള്ള ക്ലാസ്സുകൾ. പിന്നീടൊക്കെ ദിനേന എന്നവണ്ണമുള്ള എന്റെ ആശുപത്രി വാസത്തിനും സംഘർഷഭരിതമായ ദിനരാത്രങ്ങൾക്കുമിടയിൽ വളരെ കഷ്ടപ്പെട്ട് അവൻ നേടിയെടുത്ത നേട്ടങ്ങളാണെന്നും മഅദനി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു.

ഓർമവെച്ച നാൾ മുതൽ പിതാവിൻ്റെ നിയമ പോരാട്ടങ്ങൾക്കാണ് സ്വലാഹുദ്ദീൻ സാക്ഷ്യം വഹിച്ചിരുന്നത്. വിചാരണ എന്ന കുറ്റാരോപിതൻ്റെ അവകാശം നിഷേധിക്കപ്പെട്ട ജയിലിലും ആശുപത്രിയിലുമായി നരകയാതന അനുഭവിക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് മഅദനി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ബലിയാട് കൂടിയാണ് ഒരർഥത്തിൽ മഅദനി. തെറ്റ് ചെയ്തെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും എന്നാൽ അതിന് വേഗത്തിൽ വിചാരണ പൂർത്തിയാക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്നുണ്ട് മഅദനിയും പൌരസമൂഹവും. എന്നാൽ, ബെംഗളൂരു സ്ഫോടന കേസിൽ പത്ത് വർഷം പിന്നിട്ടിട്ടും വിചാരണ പൂർത്തിയായിട്ടില്ല. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാൽ മരണത്തെ മുഖാമുഖം കാണുകയുമാണ് മഅദനി. ഇക്കാര്യത്തിൽ നിയമസഭ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിൻ്റെ പാർട്ടി ബഹുജന പങ്കാളിത്തത്തോടെ സമരമുഖത്തുമാണ്. ഈ ഘട്ടത്തിലാണ് ഏറെ ആശ്വാസം പകർന്ന് സ്വലാഹുദ്ദീൻ അയ്യൂബിയുടെ അഭിഭാഷക ലബ്ധി.

Latest