Kerala
മാടായി കോളജ് നിയമന വിവാദം; എം കെ രാഘവന്‍ വിരുദ്ധ വിഭാഗം പ്രതിഷേധം നിര്‍ത്തി
കോളേജില്‍ നിയമനം ലഭിച്ച എം കെ ധനേഷില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നു
കണ്ണൂര്‍ | മാടായി കോളജിലെ നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എം പിക്കെതിരെ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ ധാരണ. കെ പി സി സി ഉപസമിതി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി എം കെ രാഘവന്‍ എം പിയെ എതിര്‍ക്കുന്നവര്‍ പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും.
എന്നാല്‍ പ്രശ്ന പരിഹാര ഫോര്‍മുല രൂപീകരിക്കാനാവാത്തതിനാല്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. മാടായി കോളേജില്‍ സി പി എമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്ന തര്‍ക്കമാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ പരസ്യ കലാപമായി വളര്‍ന്നത്. പരസ്യ പ്രതികരണങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കെ പി സി സി ഉപസമിതി നിര്‍ദേശം എം കെ രാഘവന്‍ വിരുദ്ധ ചേരി അംഗീകരിച്ചെങ്കിലും കോളേജില്‍ നിയമനം ലഭിച്ച എം കെ ധനേഷില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.
നിയമനം പുനപ്പരിശോധിക്കുന്നത് അസാധ്യമെന്നാണ് കോളജ് ഭരണസമിതി നിലപാട്. നല്ല അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉപസമിതി നിര്‍ദേശങ്ങളുമായി സഹകരിക്കുമെന്ന് എം കെ രാഘവനെ എതിര്‍ക്കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.