Connect with us

National

പെട്രോളിയം റിഫൈനറിയ്‌ക്കെതിരെ വാര്‍ത്ത ചെയ്തു; മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി.

മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകന്‍ ശശികാന്ത് വരിഷെയാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

രത്‌നഗിരി| മഹാരാഷ്ട്രയിലെ പെട്രോളിയം റിഫൈനറിയ്‌ക്കെതിരെ വാര്‍ത്ത ചെയ്തതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം. മറാത്തി ദിനപത്രമായ മഹാനഗരി ടൈംസിലെ മാധ്യമ പ്രവര്‍ത്തകന്‍ ശശികാന്ത് വരിഷെയാണ് കൊല്ലപ്പെട്ടത്.

രത്‌നഗിരിയിലെ നാണാറിലുള്ള എണ്ണശുദ്ധീകരണ ശാലയ്‌ക്കെതിരായ വാര്‍ത്തയ്ക്കു പിന്നാലെയാണ് ഭൂമി ഇടപാടുകാരനായ പണ്ഡാരിനാഥ് അംബേദ്കര്‍ എന്നയാള്‍ ശശികാന്ത് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് കാറ് ഇടിച്ചു കയറ്റിയത്. ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ശശികാന്ത് മരണത്തിന് കീഴടങ്ങിയത്.

എണ്ണ ശുദ്ധീകരണശാലയ്‌ക്കെതിരെ സമീപവാസികള്‍ രംഗത്തെത്തിയിരുന്നു. പ്രാദേശവാസികളുടെ കനത്ത എതിര്‍പ്പ് നേരിടുന്ന എണ്ണ ശുദ്ധീകരണ ശാലയ്‌ക്കെതിരെ ശശികാന്ത് വാര്‍ത്തകള്‍ ചെയ്തിരുന്നു.ഈ സ്ഥാപനത്തെ പിന്തുണയ്ക്കുന്ന വിഭാഗത്തിലെ ഒരാളാണ് പണ്ഡാരിനാഥ്. ഇദ്ദേഹം നേരത്തേ ശശികാന്തിനെ ഭീഷണിപ്പെടുത്തിയിരുന്നു.

റിഫൈനറിക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ വാദങ്ങള്‍ നിരത്തിയ ലേഖനത്തില്‍ പണ്ഡാരിനാഥിന്റെ ഇടപെടലുകളെക്കുറിച്ച് ശശികാന്ത് വിശദമാക്കിയിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം പണ്ഡാരിനാഥ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശികാന്ത് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ പണ്ഡാരിനാഥിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഷത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കായിരുന്നു തുടക്കത്തില്‍ പണ്ഡാരിനാഥിനെതിരെ കേസ് ചുമത്തിയിരുന്നത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ കൊലപാതക്കുറ്റം ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പണ്ഡാരിനാഥിനെ 14ാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

 

 

 

Latest