attapadi murder
മധു വധക്കേസ്; ഇന്ന് കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധന ഉടന്‍
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞിരുന്നു
പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ 29-ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ച പരിശോധന ഇന്ന് തന്നെ നടത്താന്‍ പോലീസ് തീരുമാനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാഴ്ച പരിശോധിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലാകും പരിശോധന. ഇന്ന് വൈകിട്ടോടെ പരിശോധന പൂര്‍ത്തിയാക്കി നാളെ ഫലം കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ ഇന്ന് വിചാരണക്കിടെ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ വീഡിയോയില്‍ കാഴ്ചക്കാരനായി സുനില്‍ കുമാറിനെയും കാണാം. ഒന്നും കാണുന്നില്ലെന്ന് സാക്ഷി പറഞ്ഞതോടെയാണ് കണ്ണ് പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
നേരത്തെ മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നത് കണ്ടു എന്നെല്ലാം സുനില്‍ കുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.
സനല്‍ കുമാറടക്കം രണ്ട് സാക്ഷികളാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കൂറുമാറുന്നവരുടെ എണ്ണം 16 ആയി.