Connect with us

National

മധ്യപ്രദേശില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാംസ വില്‍പന നിരോധിച്ചു; മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്

മതപരമായ സ്ഥലങ്ങളില്‍ അനുവദനീയമായ പരിധിക്കും സമയത്തിനുമപ്പുറം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

Published

|

Last Updated

ഭോപ്പാല്‍| ബുധനാഴ്ച ഭോപ്പാലിലെ മോത്തിലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മോഹന്‍ യാദവ് മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ മംഗുഭായ് സി പട്ടേല്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു, തുടര്‍ന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ്ദയും രാജേന്ദ്ര ശുക്ലയും സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് പുതിയ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ മധ്യപ്രദേശില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഇറച്ചിയും മുട്ടയും വില്‍ക്കുന്നത് നിരോധിച്ചു. മതപരമായ സ്ഥലങ്ങളില്‍ അനുവദനീയമായ പരിധിക്കും സമയത്തിനുമപ്പുറം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.

നിരോധനം കര്‍ശനമായി പാലിക്കണം. തുറസ്സായ സ്ഥലങ്ങളില്‍ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിരീക്ഷണം ഉണ്ടാകും. ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഡിസംബര്‍ 15 മുതല്‍ 31 വരെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും.അതിനുശേഷമാകും നിരോധനം നടപ്പാക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മതപരമായ സ്ഥലങ്ങളില്‍ അനുവദനീയമായ പരിധിക്ക് അപ്പുറമുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും, നിരോധനം നടപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഇതിനായി ഓരോ ജില്ലയിലും ഫ്‌ലൈയിംഗ് സ്‌ക്വാഡ് സ്ഥാപിക്കുമെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഓരോ ജില്ലയിലും കുറഞ്ഞത് ഒരു സര്‍ക്കാര്‍ കോളജെങ്കിലും സ്മാര്‍ട്ട് ക്ലാസ് സെമിനാര്‍ ഹാളുകളും ഹോസ്റ്റലുകളും പോലെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ‘പിഎം കോളജ് ഓഫ് എക്‌സലന്‍സായി’ ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.

 

 

 

Latest