Connect with us

National

മധ്യപ്രദേശില്‍ ബി ജെ പി മുന്നേറ്റം; കിതച്ച് കോണ്‍ഗ്രസ്

ഭരണവിരുദ്ധ വികാരത്തെ മറികടന്ന് അധികാരം നിലനിര്‍ത്താനാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പിയുടെ ശ്രമം. പുനരുജ്ജീവനമാണ് കമല്‍നാഥ് തലവനായ കോണ്‍ഗ്രസ് തേടുന്നത്.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ കുതിച്ചു മുന്നേറി ബി ജെ പി. 152 സീറ്റുകളില്‍ ലീഡ് നേടി നിലവില്‍ അധീശത്വം സ്ഥാപിച്ചിരിക്കുകയാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി. വോട്ടെടുപ്പ് മുന്നോട്ട് നീങ്ങുമ്പോള്‍ പിന്നെയും പിന്നെയും പിന്നോട്ട് പോകുന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഉള്ളത്. 76 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്.

ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലെ ഫലത്തെ വളരെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കക്ഷികള്‍. അധികാരം നിലനിര്‍ത്താന്‍ ബി ജെ പിയും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും കിണഞ്ഞു പരിശ്രമിക്കുന്ന സംസ്ഥാനമാണിത്. ഇരു കക്ഷികളും തമ്മില്‍ സംസ്ഥാനത്തെ 230 സീറ്റിലേക്ക് ശക്തമായ പോരാട്ടമാണ് നടന്നത്.

ഭരണവിരുദ്ധ വികാരത്തെ മറികടന്ന് അധികാരം നിലനിര്‍ത്താനാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പിയുടെ ശ്രമം. പുനരുജ്ജീവനമാണ് കമല്‍നാഥ് തലവനായ കോണ്‍ഗ്രസ് തേടുന്നത്.

ബി ജെ പി ഭരണം നിലനിര്‍ത്തുമെന്നും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുമെന്നുമാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്. 116 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

രാജ്യത്തെ പ്രതിപക്ഷമായ ‘ഇന്ത്യ’ മുന്നണിക്ക് അനുകൂലമായി സംസ്ഥാനത്ത് ജനങ്ങള്‍ വിധിയെഴുതുമെന്നാണ് കോണ്‍ഗ്രസ് എം പി. ഗൗരവ് ഗൊഗോയി ഇന്നലെ അവകാശപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തെ അധികാരത്തില്‍ നിന്ന് തുരത്താനുള്ള മുന്നണി നീക്കങ്ങള്‍ക്ക് മധ്യപ്രദേശ് വിജയം കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആ പ്രതീക്ഷകളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയാകുന്നതു പോലുള്ള ഫലങ്ങളാണ് സംസ്ഥാനത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്.

 

Latest