National
മധ്യപ്രദേശ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം; ലോക്കപ്പില്‍ നിന്ന് പ്രതികളെ മോചിപ്പിച്ചു
സംഭവത്തില്‍ പരിക്കേറ്റ നാല് പോലീസുകാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ
ബുര്‍ഹാന്‍പൂര്‍| മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ 60-ലധികം പേരടങ്ങുന്ന ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. തുടര്‍ന്ന് ലോക്കപ്പില്‍ കഴിഞ്ഞിരുന്ന മൂന്നു പ്രതികളെ മോചിപ്പിച്ചെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പുലര്‍ച്ചെ 3 മണിയോടെ നേപ്പാനഗര്‍ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും നിരവധി പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ പരിക്കേറ്റ നാല് പോലീസുകാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ ഭവ്യ മിത്തലും പോലീസ് സൂപ്രണ്ടും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
സംഭവസമയത്ത് നാല് പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്നും അക്രമികള്‍ 60-ലധികം പേര്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. അക്രമികളെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിക്കുകയാണ്.