Malappuram
മഅ്ദിന്‍ ഇൻ്റലക്ച്വല്‍ കോണ്‍ക്ലേവിന് ഉജ്ജ്വല സമാപനം
മീഡിയ, വിദ്യാഭ്യാസം, ആരോഗ്യം, ടെക്‌നോളജി, ആത്മീയം, വായന തുടങ്ങിയ വ്യത്യസ്തമായ സെഷനുകള്‍ സംഘടിപ്പിച്ചു

മലപ്പുറം | ‘പുതുമയെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഇൻ്റലക്ച്വല്‍ കോണ്‍ക്ലേവിന് ഉജ്ജ്വല സമാപനം. സമാപന സംഗമം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാന്‍ സഖാഫി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. സി പി സൈദലവി മാസ്റ്റര്‍ ചെങ്ങര, മജീദ് കക്കാട്, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
മീഡിയ, വിദ്യാഭ്യാസം, ആരോഗ്യം, ടെക്‌നോളജി, ആത്മീയം, വായന തുടങ്ങിയ വ്യത്യസ്തമായ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. മെറ്റാവേഴ്‌സ് യുഗത്തിലെ മാധ്യമ സംസ്‌കാരം എന്ന വിഷയത്തിലുള്ള സംവാദം, വായനയുടെ രസതന്ത്രം അറിയിക്കുന്ന ചര്‍ച്ചകള്‍, സൂഫീഗീതത്തിൻ്റെ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയ ഗാന ശില്‍പം, സാങ്കേതിക വികാസങ്ങളുടെ അനന്തര ഫലങ്ങളുടെ ഡിസ്‌കഷന്‍, വിദ്യാഭ്യാസ നയവും മോഡേണ്‍ രീതികളെക്കുറിച്ചുള്ള ഗഹനമായ ടോക്കുകള്‍, മാനസിക സന്തോഷം പകര്‍ന്നു നല്‍കാന്‍ പ്രചോദനമായ വെല്‍നെസ് സെഷന്‍ തുടങ്ങിവയെല്ലാം കോണ്‍ക്ലേവിനെ സമ്പന്നമാക്കി.
സോഷ്യല്‍ സയന്‍സിലെ നവീനമായ സാധ്യതകളെ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ യുവ ഗവേഷക സംഗമവും പരിപാടിയില്‍ നടന്നു.