Connect with us

Malappuram

മഅ്ദിന്‍ മുഹര്‍റം ആശൂറാഅ് സമ്മേളനം നാളെ; സ്വലാത്ത് നഗറില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും

നാളെ (17, ബുധന്‍) രാവിലെ എട്ടിന് ആശൂറാഅ് സംഗമത്തിന് തുടക്കമാകും.

Published

|

Last Updated

മലപ്പുറം | ഇസ്‌ലാമിക ചരിത്രത്തിലെ പവിത്രമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുഹര്‍റം മാസത്തിലെ പുണ്യ വേളകളെ ധന്യമാക്കുന്നതിന് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന മുഹര്‍റം ആത്മീയ സമ്മേളനം നാളെ (ജൂലൈ 17, ബുധന്‍) രാവിലെ എട്ടു മുതല്‍ നോമ്പുതുറ വരെ സ്വലാത്ത് നഗറില്‍ നടക്കും. പതിനായിരങ്ങള്‍ സംബന്ധിക്കും.

പ്രഥമ പ്രവാചകന്‍ ആദം നബി തൊട്ട് മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ ലഭിച്ച മാസമായ മുഹര്‍റത്തിലെ ഓരോ ചരിത്ര നിമിഷങ്ങളേയും സ്മരിക്കുന്നതായിരിക്കും പരിപാടികള്‍.

മുഹര്‍റം സമ്മേളനത്തിന്റെ ഭാഗമായി വനിതകള്‍ക്കായി സംഘടിപ്പിച്ച ഹോം സയന്‍സ് ക്ലാസ്സിനും മഹ്ളറത്തുല്‍ ബദ്‌രിയ്യക്കും സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കി. നാളെ രാവിലെ എട്ടിന് ആശൂറാഅ് സംഗമത്തിന് തുടക്കമാകും. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ഥനകള്‍, മുഹര്‍റം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോമ്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. ഇമാം ഹുസൈന്‍ (റ), സയ്യിദ് ഖാസിം വലിയുല്ലാഹി കവരത്തി ആണ്ട് നേര്‍ച്ചയും പരിപാടിയില്‍ നടക്കും.

പ്രാര്‍ഥനകള്‍ക്കും മജ്ലിസുകള്‍ക്കും സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും. അരലക്ഷം പേര്‍ക്കുള്ള നോമ്പുതുറയൊരുക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ഈ മാസത്തിന്റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍ വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅ്ദിന്‍ കാമ്പസില്‍ സജ്ജീകരിച്ചിരിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് അത്താഴ, താമസ സൗകര്യവുമൊരുക്കും. കാലവര്‍ഷം പരിഗണിച്ച് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ്, മഅ്ദിന്‍ ഓഡിറ്റോറിയം എന്നീ സൗകര്യങ്ങള്‍ക്ക് പുറമെ വിപുലമായ പന്തല്‍ സൗകര്യവും സംവിധാനിച്ചിട്ടുണ്ട്. ആത്മീയ പരിപാടികള്‍ വിശ്വാസികള്‍ക്ക് അലോസരങ്ങളില്ലാതെ കാണുന്നതിനും കേള്‍ക്കുന്നതിനും എല്‍ ഇ ഡി വാള്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടാവും. 1001 അംഗ വളണ്ടിയര്‍ കോറിന്റെ സേവനവും നഗരിയിലുണ്ടാകും.

 

Latest