Connect with us

Malappuram

ഭിന്നശേഷിക്കാര്‍ക്ക് സന്തോഷപ്പെരുന്നാളൊരുക്കി മഅ്ദിന്‍ അക്കാദമി

വിവിധ രോഗങ്ങള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍.

Published

|

Last Updated

മലപ്പുറം | ഭിന്നശേഷി സുഹൃത്തുക്കള്‍ക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി. രാവിലെ 9 ന് ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്ക് കൊള്ളാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള ചക്രക്കസേരയില്‍ കഴിയുന്നവരെത്തി. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷക്കാലം വീടുകളില്‍ കഴിയുകയായിരുന്ന ഇവര്‍ വളരെ സന്തോഷത്തോടെയാണ് ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ നിസ്‌കാരത്തിനെത്തിയത്.

വിവിധ രോഗങ്ങള്‍ കാരണം വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍. പെരുന്നാള്‍ നിസ്‌കാരശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും പായസവും നല്‍കി. എസ്.വൈ.എസ് മലപ്പുറം സോണ്‍ സ്‌നേഹത്തണല്‍ പരിപാടിയും നടന്നു. എല്ലാവര്‍ക്കും പെരുന്നാള്‍ കോടിയും സമ്മാനിച്ചു. സയ്യിദ് ഹാമിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നല്‍കി.

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ ഭിന്നശേഷി സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്നതിനും പരിചരണങ്ങള്‍ നല്‍കുന്നതിനും ജുനൈദ് സഖാഫി മേല്‍മുറി, മുനീര്‍ പൊന്മള, ഇംതിയാസ് മആലി മേല്‍മുറി, സലീം ആലത്തൂര്‍പടി, ശംസുദ്ധീന്‍ സി.കെ എന്നിവരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഹോസ്‌പൈസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

സാധാരണക്കാര്‍ക്കായി രാവിലെ 7.30 ന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. നമ്മുടെ നാടും സമൂഹവും വിവിധ പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോള്‍ തികഞ്ഞ വിവേകവും അതിരുകളില്ലാത്ത സമഭാവനയുമാകട്ടെ ഈ ഈദിന്റെ കാതല്‍. വാക്കുകള്‍ക്ക് വജ്രായുധങ്ങളുടെ മൂര്‍ച്ചയും വരകള്‍ക്കും കുറികള്‍ക്കും ജീവന്റെ വിലയുമുള്ള ഇക്കാലത്ത് നമ്മുടെ വാക്കുകളും പ്രവര്‍ത്തികളും തീര്‍ത്തും ശ്രദ്ധയോടെയാവണം. ഒരു വ്യക്തിയുടെ നിസ്സാരമെന്നു തോന്നുന്ന പ്രവര്‍ത്തനം പോലും ഒരു സമൂഹത്തെയോ രാജ്യത്തെയോ നശിപ്പിക്കാന്‍ മാത്രം കാരണമാകാം. തികഞ്ഞ വിവേകവും മുന്‍ധാരണകളില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുള്ള ഇടപെടലിനും ബോധ പൂര്‍വ്വം സമയം കണ്ടെത്തണം. വ്യക്തിതലത്തിലും കുടുംബ കൂട്ടായ്മകളും മഹല്ല് സംവിധാനങ്ങളും സംഘടനാ-സ്ഥാപന വേദികളും ഇതിനായി പ്രത്യേക ബോധ വല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ഈദ് സന്ദേശത്തില്‍ ഉണര്‍ത്തി.

Latest