Connect with us

rooftop farming

പള്ളിയുടെ ടെറസ്സില്‍ കൃഷിയിടം ഒരുക്കി മഅദിന്‍ അക്കാദമി വിദ്യാര്‍ഥികള്‍

പള്ളിയില്‍ അംഗസ്‌നാനത്തിനും മറ്റുമായി ഉപയോഗിച്ച് ബാക്കിയാവുന്ന വെള്ളമാണ് ജലസേചനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്.

Published

|

Last Updated

മലപ്പുറം | പള്ളിയുടെ ടെറസ്സില്‍ കൃഷിയിറക്കി മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ഥികള്‍. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള മേല്‍മുറി പെരുമ്പറമ്പ് ജുമുഅ മുസ്ജിദിന്റെ ടെറസിലാണ് പരിസ്ഥിതി ദിനത്തില്‍ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടും പഠന കാലയളവില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക പരിശീലനം നല്‍കുന്നതിനും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള അമ്പതോളം സ്ഥാപനങ്ങളിലും മസ്ജിദുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കും.

വെണ്ട, ചീര, പയര്‍, തക്കാളി, വഴുതന, മുളക്, പടവലം, കറിവേപ്പില തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. വിഷമുക്ത വിഭവങ്ങള്‍ വിദ്യാര്‍ഥികളുടെ നിത്യ ഭക്ഷണങ്ങളിലേക്കും മിച്ചം വരുന്നവ പരിസരവാസികള്‍ക്കും നല്‍കാനുമാണ് പദ്ധതി. മഴവെള്ളത്തിന് പുറമെ പള്ളിയില്‍ അംഗസ്‌നാനത്തിനും മറ്റുമായി ഉപയോഗിച്ച് ബാക്കിയാവുന്ന വെള്ളമാണ് ജലസേചനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. 200 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ദഅവാ ക്യാമ്പസില്‍ പഠനത്തിന് തടസ്സമാകാത്ത രീതിയില്‍ വിദ്യാര്‍ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് കൃഷി പരിപാലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. മികച്ച പരിപാലകര്‍ക്ക് അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം സമസ്ത ജില്ലാ സെക്രട്ടറിയും മഅദിന്‍ ദഅവാ കോളേജ് പ്രിന്‍സിപ്പലുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി നിര്‍വഹിച്ചു. കാര്‍ഷിക മേഖലക്ക് വിശുദ്ധ ഇസ്ലാം ഏറെ പ്രാധാന്യം നല്‍കുന്നുവെന്നും മതവിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി നടത്തുന്ന ഈ പദ്ധതി നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക അവാര്‍ഡ് ജേതാവ് അബ്ദുല്ല ഹാജി മേല്‍മുറി, അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി കാവനൂര്‍, അബൂബക്കര്‍ ലത്വീഫി കോട്ടക്കല്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, സിനാന്‍ തൃപ്പനച്ചി, റബീഅ് കൊമ്പം, അല്‍ത്താഫ് ആലപ്പുഴ, ഉവൈസ് ആനക്കര, ശുഐബ് മാണൂര്‍ പ്രസംഗിച്ചു.

Latest