Connect with us

National

അസമില്‍ വീണ്ടും മദ്‌റസ കെട്ടിടം തകര്‍ത്തു

തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്‌റസയാണിത്.

Published

|

Last Updated

ഗുവാഹതി | അസമില്‍ ഒരു മദ്‌റസാ കെട്ടിടം കൂടി പൊളിച്ചു. നിയമവിരുദ്ധ കെട്ടിടങ്ങളാണെന്നും പ്രവര്‍ത്തന യോഗ്യമല്ലെന്നും കാണിച്ചാണ് മദ്‌റസ പൊളിച്ചു നീക്കിയത്. കബെയ്താരിയിലെ മദ്‌റസയാണ് ഇന്നലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്‌റസയാണിത്.

ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായി ബന്ധമാരോപിച്ച് അഞ്ച് പേരെ ഈ മാസം 26ന് അറസ്റ്റ് ചെയ്തിരുന്നു. അല്‍ഖാഇദയുമായി ബന്ധമുള്ള സംഘടനയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ഇവരുമായി ആശയ പൊരുത്തമുള്ളവര്‍ മതസ്ഥാപനങ്ങളില്‍ കേന്ദ്രീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ബാര്‍പേട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരു മദ്‌റസ ഇടിച്ചു നിരത്തിയിരുന്നു. മോറിഗാവ് ജില്ലയിലും ഇത്തരത്തില്‍ മദ്‌റസ പൊളിച്ചു നീക്കിയിട്ടുണ്ട്.

കബെയ്താരിയിലെ മദ്‌റസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നിര്‍മിച്ചതെന്നും അതുകൊണ്ട് ഉപയോഗയോഗ്യമല്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്നും എസ് പി സ്വപ്‌നനീല്‍ ദേഖ പറഞ്ഞു. അല്‍ഖാഇദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തിയുമായി ഗോപാല്‍പുര പോലീസ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

തീവ്രവാദത്തിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അല്‍ ഖാഇദയുമായി ബന്ധമുള്ള അഞ്ച് തീവ്രവാദികളെ മാര്‍ച്ച് മുതല്‍ പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുമായാണ് ഇവര്‍ക്കെല്ലാം ബന്ധം. ഇത്തരക്കാരെല്ലാം പ്രവര്‍ത്തനത്തിന് മദ്‌റസകള്‍ ഉപയോഗിക്കുകയാണ്. മദ്‌റസകളുമായി ബന്ധപ്പെട്ട എല്ലാവരും അങ്ങനെയാണെന്ന് പറയുന്നില്ല. എന്നാല്‍ ഇതുവരെ പിടിയിലായ എല്ലാവര്‍ക്കും മദ്‌റസകളുമായി ബന്ധമുണ്ടെന്നും ശര്‍മ ആരോപിച്ചിരുന്നു.