Connect with us

Articles

മദ്റസാ പ്രസ്ഥാനവും മൂല്യബോധവും

ഇസ്‌ലാമിക മൂല്യ വിദ്യാഭ്യാസ പ്രക്രിയയില്‍ അനേകം കോടികള്‍ ചെലവഴിച്ചാണ് മുസ്‌ലിം സമുദായം ഈ ബൃഹത് സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നത്. മതം പഠിപ്പിക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും സമുദായത്തിന് ലഭ്യമല്ല.

Published

|

Last Updated

മദ്റസ എന്ന അറബി പദത്തിന് പാഠശാല എന്നാണര്‍ഥം. പഴയകാലത്ത് ഉന്നത പഠന കേന്ദ്രങ്ങളും കോളജുകളും ഈ പേരുകളില്‍ അറിയപ്പെട്ടതായി കാണാം. കേരളത്തില്‍ ഇതിന്റെ പഴയകാല രൂപം ഓത്തുപള്ളികളായിരുന്നു. കാലാന്തരത്തില്‍ രൂപവ്യത്യാസം പ്രാപിച്ച് ഇന്നത്തെ അവസ്ഥയില്‍ മദ്റസാ സംവിധാനം നിലവില്‍ വന്നു. പ്രത്യേക പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സിലബസുകളും പഠനോപകരണങ്ങളും ആവശ്യമായ ഭൗതിക സംവിധാനങ്ങളും രൂപപ്പെട്ടു. ഇപ്പോള്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തന്നെ കേരളത്തില്‍ പതിനായിരത്തോളം മദ്റസകള്‍ പ്രവര്‍ത്തിച്ചുവരുന്നു. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളും നാല്‍പ്പതിനായിരത്തോളം അധ്യാപകരും പഠന പ്രക്രിയയില്‍ ഏര്‍പ്പെടുന്നുണ്ട്. ഇസ്ലാമിക മൂല്യ വിദ്യാഭ്യാസ പ്രക്രിയയില്‍ അനേകം കോടികള്‍ ചെലവഴിച്ചാണ് മുസ്ലിം സമുദായം ഈ ബൃഹത് സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നത്. മതം പഠിപ്പിക്കുന്നതിന് സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും സമുദായത്തിന് ലഭ്യമല്ല.

മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മക്കള്‍ക്ക് അക്ഷരാഭ്യാസം മുതല്‍ മതകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ്, മതവിഷയങ്ങളെക്കുറിച്ച് വ്യക്തമായ അറിവ്, ശരിയായ മനുഷ്യസംസ്‌കാരമനുസരിച്ചുള്ള സ്വഭാവരൂപവത്കരണം എന്നിവ പകര്‍ന്നു നല്‍കല്‍ നിര്‍ബന്ധ ബാധ്യതയാണ്. ഈ ബാധ്യതാ നിര്‍വഹണമാണ് ഒരു പ്രദേശത്തെ മദ്റസാ പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നത്.

മദ്റസയില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ ജീവിതകാലം മുഴുവന്‍ സ്വജീവിതത്തില്‍ സൂക്ഷിക്കണമെന്ന ബോധ്യത്തിലേക്കും ഉള്‍വിളിയിലേക്കും വിദ്യാര്‍ഥികള്‍ എത്തണം. അതിനാവശ്യമായ പരിസരം സൃഷ്ടിക്കേണ്ടത് രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും കടമയാണ്. അതിന് വേണ്ടി എല്ലാ നിലയിലും സാഹചര്യമൊരുക്കുന്നവരാണ് മദ്റസാ അധ്യാപകര്‍. നിരന്തര പരിശീലനങ്ങളും ഗൗരവപൂര്‍ണമായ നിരീക്ഷണങ്ങളും നടത്തി ആവശ്യമായ ഇടപെടലുകളിലൂടെ വിദ്യാര്‍ഥികളെ മേല്‍ പ്രസ്താവിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണ് അധ്യാപകരുടെ ചുമതല. ഇസ്ലാമിക മൂല്യങ്ങള്‍ അഥവാ നിസ്‌കാരം, വൃത്തി, സത്യസന്ധത, അനുസരണ, അച്ചടക്കം, ബഹുമാനം, ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്ന സ്വഭാവം, രാജ്യത്തോടും നിയമവ്യവസ്ഥകളോടുമുള്ള ബഹുമാനം, ഗുരുശിഷ്യബന്ധം, പഠനോപകരണങ്ങള്‍ വൃത്തിയിലും വ്യക്തതയിലും കാത്തുസൂക്ഷിക്കുന്ന സ്വഭാവം, മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള മനോഭാവം ഇവയെല്ലാം ജീവിതത്തിലുടനീളം വിദ്യാര്‍ഥികള്‍ ആര്‍ജിച്ചിരിക്കണം. മൂല്യ വിദ്യാഭ്യാസ പരിസരത്ത് നിന്ന് മാത്രമേ അത്തരം സദ്ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.

മതവിശ്വാസവും കര്‍മങ്ങളും പാലിക്കുന്നതിനുള്ള പരിശീലനത്തിന് പുറമെ മദ്റസാ പഠനം പൊതു സമൂഹത്തിനും രാജ്യനന്മക്കും ഉപകാരപ്പെടുന്ന തരത്തിലാണ് സംവിധാനിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു രാജ്യത്തിന്റെ പുരോഗതി ആ രാജ്യത്തെ മൂല്യബോധമുള്ള പൗരന്മാരാണെന്ന തിരിച്ചറിവില്‍ നിന്ന് ഓരോ മദ്റസാ വിദ്യാര്‍ഥിയിലും ഇസ്ലാമിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും രാജ്യസ്നേഹവും പരസ്പര സൗഹാര്‍ദവും സൃഷ്ടിക്കുന്നതിനും പരിശീലനം നല്‍കിവരുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ പുത്തന്‍ പ്രസ്ഥാനങ്ങളുടെ വികലവാദങ്ങളെ കൂടുതല്‍ ശക്തിയോടെ പ്രതിരോധിക്കുന്നതിനായി സമസ്തയുടെ കീഴില്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നു. അതോടെ കേരളത്തിലെ മതവിദ്യാഭ്യാസ രംഗത്ത് നൂതനമായ പരിഷ്‌കരണങ്ങളും ശാസ്ത്രീയ സമീപനങ്ങളും രൂപപ്പെട്ടു. മതവിദ്യാഭ്യാസ രംഗം കൂടുതല്‍ പുരോഗതി കൈവരിക്കേണ്ടതിന് കാലോചിത പരിഷ്‌കരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. അധ്യാപക രക്ഷകര്‍തൃ സമിതിയുടെ രൂപവത്കരണം, നിലവിലുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കല്‍, മാനേജ്മെന്റ്- ടീച്ചേഴ്സ് അസ്സോസിയേഷന്‍ രൂപവത്കരണം, അതിന്റെ ക്രിയാത്മകമായ പ്രവര്‍ത്തന പദ്ധതികള്‍ എന്നിവ ഇവയില്‍ പ്രധാനമാണ്.

മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടല്‍ കൂടി ഈ ഉദ്യമത്തിന്റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ഇതിനായി ഓരോ മദ്റസാ മാനേജ്മെന്റും ശരിയായ രീതിയില്‍ ബോധവത്കരിക്കപ്പെടേണ്ടതുണ്ട്. മാനേജ്മെന്റ് സമിതിയിലെ ഓരോ അംഗത്തിനും സംഘാടനത്തിലും മാനേജ്മെന്റിലും ശരിയായ അറിവും പരിശീലനവും ആവശ്യമാണ്. ഈ ആവശ്യത്തിനു വേണ്ടി രൂപവത്കരിക്കപ്പെട്ട മാനേജ്മെന്റ് കൂട്ടായ്മയാണ് സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ (എസ് എം എ). മദ്റസകളുടെ സര്‍വതോന്മുഖ പുരോഗതിക്കു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് ഈ സമിതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്.

കൂടാതെ അധ്യാപകര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും സംഘടന ശ്രദ്ധ ചെലുത്തുന്നു. നിശ്ചിത കാലം മദ്റസകളില്‍ സേവനമനുഷ്ഠിച്ച അധ്യാപകര്‍ക്ക് അവരുടെ ജീവിത സായാഹ്നത്തില്‍ ഒരു കൈത്താങ്ങ് എന്ന നിലയില്‍ നടപ്പാക്കിയ പെന്‍ഷന്‍ പദ്ധതി എടുത്തു പറയേണ്ടതാണ്. പ്രയാസമനുഭവിക്കുന്ന മദ്റസകള്‍ക്കുള്ള സാമ്പത്തിക സഹായം, മദ്റസകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍, അധ്യാപകരുടെ രോഗചികിത്സക്കുള്ള സഹായങ്ങള്‍, പുതിയ മദ്റസാ നിര്‍മാണ സഹായങ്ങള്‍ തുടങ്ങി അനേകം പദ്ധതികള്‍ സംഘടന മുന്നോട്ട് വെക്കുന്നു.

എസ് എം എയുടെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സമസ്തയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 30ന് പേരാമ്പ്രയില്‍ നടക്കുകയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളിലും പ്രസ്തുത സമ്മേളനത്തിലും ഭാഗമാകുന്നതിനുവേണ്ടി ക്ഷണിക്കുന്നതോടൊപ്പം എല്ലാ വിധ സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നു.

 

Latest