Connect with us

Kerala

മദ്‌റസാധ്യാപക ക്ഷേമനിധി അംഗത്വ നടപടികള്‍ ലളിതമാക്കി

മദ്‌റസാധ്യാപക ക്ഷേമനിധിബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്.

Published

|

Last Updated

കോഴിക്കോട് | മദ്‌റസാധ്യാപക ക്ഷേമനിധി അംഗത്വമെടുക്കാനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം കൂടിയായതോടെയാണിത്. മുമ്പ് ഓണ്‍ലൈന്‍ സംവിധാനം പ്രാവര്‍ത്തികമാക്കിയിരുന്നെങ്കിലും ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് മദ്‌റസാധ്യാപക ക്ഷേമനിധി ഓഫീസിലെത്തിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം കോപ്പി ഓഫീസില്‍ നല്‍കേണ്ടതില്ല.

ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ അപേക്ഷകര്‍ക്ക് ഒരു നമ്പര്‍ ലഭ്യമാകും. ഈ നമ്പറാണ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ അറിയിക്കേണ്ടത്. അപേക്ഷകര്‍ക്ക് നേരത്തേ നല്‍കിയിരുന്ന വലിയ അംഗത്വകാര്‍ഡിന് പകരം ഇപ്പോള്‍ ചെറിയ രൂപത്തിലുള്ള കാര്‍ഡുകളാണ് നല്‍കുന്നത്. ഇത് അധ്യാപകര്‍ക്ക് കീശയിലിട്ട് നടക്കാന്‍ കഴിയും. ഓഫ്‌ലൈനായും അപേക്ഷ നല്‍കാം.

മദ്‌റസാധ്യാപക ക്ഷേമനിധിബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് നല്‍കുകയാണ് വേണ്ടത്. ഇത് ഓഫീസില്‍ എത്തിക്കണം. ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മദ്‌റസാ മാനേജ്മെന്റിന്റെ സാക്ഷ്യപത്രം എന്നിവയാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്.

അതേസമയം, മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളാകുന്നവര്‍ക്കുള്ള ഭവനവായ്പ ആറ് ലക്ഷമാക്കി ഉയര്‍ത്താന്‍ മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ക്ഷേമനിധി അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഭവന വായ്പ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ രണ്ടര ലക്ഷം രൂപയാണ് ഭവന വായ്പയായി ലഭിക്കുന്നത്.

ഓരോ വര്‍ഷത്തിലുമാണ് ഭവന വായ്പക്കുള്ള അപേക്ഷ ക്ഷണിക്കാറുള്ളത്. ഇത് ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ആവശ്യമായ സമയത്ത് അപേക്ഷിക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് മാറ്റണമെന്നും ആവശ്യയപ്പെട്ടിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest