Connect with us

madrassa teacher welfare fund

മദ്‌റസ അധ്യാപക ക്ഷേമനിധി അംഗത്വ ക്യാമ്പയിൻ: സംഗമങ്ങളിൽ മികച്ച പ്രതികരണം

മദ്‌റസ ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള ഭവന വായ്പ ആറ് ലക്ഷമാക്കാൻ ശിപാർശ.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മദ്‌റസ അധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള ജില്ലാതല സംഗമങ്ങൾ പൂർത്തിയായി. തിരുവനന്തപുരത്ത് നടന്ന സംഗമത്തോടെയാണ് സമാപനം. സംഗമങ്ങളിൽ ജില്ലാതല സമിതികൾക്ക് രൂപം നൽകി. എല്ലാ ജില്ലാതല സംഗമങ്ങളും വൻ വിജയമായിരുന്നുവെന്ന് ക്യാമ്പയിൻ കൺവീനർ ഇ യഅ്ഖൂബ് ഫൈസി പറഞ്ഞു. വൻ പങ്കാളിത്തമാണ് എല്ലാ ക്യാമ്പുകളിലും ഉണ്ടായിരുന്നത്. സമസ്ത, സമസ്ത (ഇ കെ), മുജാഹിദ് മൂന്ന് വിഭാഗങ്ങൾ, ദക്ഷിണ, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഏഴ് വിഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ എല്ലാ ജില്ലാതല സംഗമങ്ങളിലും പങ്കെടുത്തു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറുടെ സാന്നിധ്യത്തിലായിരുന്നു സമാപന സംഗമം.

സംസ്ഥാനത്ത് 28,000 മദ്‌റസകളിലായി രണ്ട് ലക്ഷത്തോളം അധ്യാപകരുണ്ടെന്നാണ് കണക്ക്. എന്നാൽ വലിയ തോതിലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും അംഗങ്ങളാകാത്തവർ നിരവധിയുണ്ട്. വിവിധ ജില്ലകളിലായി 28,000 പേർ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. മലപ്പുറത്തും കോഴിക്കോട്ടും മാത്രമേ കൂടുതൽ പേർ അംഗങ്ങളായിട്ടുള്ളൂ. ഇത് യഥാക്രമം ആയിരവും 4,500ഉം ആണ്. മറ്റ് ജില്ലകളിൽ അംഗങ്ങളായവർ വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് 100 ശതമാനം മദ്‌റസ അധ്യാപകരെയും ക്ഷേമനിധി അംഗങ്ങളാക്കുന്നതിനുള്ള ക്യാമ്പയിൻ തുടങ്ങിയത്.

ജില്ലാതല സമിതി രൂപവത്കരണം പൂർത്തിയായ സാഹചര്യത്തിൽ മണ്ഡലംതല സമിതികൾ രൂപവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കാസർകോട് ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും സമിതിയായി. മണ്ഡലം സമിതി അംഗങ്ങൾ മദ്‌റസകളിൽ നേരിട്ട് ചെന്ന് അധ്യാപകരെ അംഗങ്ങളായി ചേർക്കും. പ്രത്യേക ആപ്പ് വഴി സ്ഥലത്ത് വെച്ച് തന്നെ അംഗത്വമെടുക്കാൻ കഴിയും. പള്ളികളിലെ മുഅദ്ദിൻ, ഖത്വീബ്, ദഅ്‌വാ, ദർസ് അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും അംഗത്വമെടുക്കാം. 15 മുതൽ 22 വരെയാണ് അംഗത്വ വാരാചരണം. 15ന് മുമ്പ് സംസ്ഥാനത്തെ എല്ലാ മണ്ഡലം സമിതികളും രൂപവത്കരിക്കും. ഈ മാസം 31ഓടെ അംഗത്വ ക്യാമ്പയിൻ പൂർത്തിയാക്കും. തുടർന്ന് സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും.

ഭവന വായ്പ ആറ് ലക്ഷമാക്കാൻ ശിപാർശ
കോഴിക്കോട് | മദ്‌റസ ക്ഷേമനിധിയിൽ അംഗങ്ങളായവർക്കുള്ള ഭവന വായ്പ ആറ് ലക്ഷമാക്കാൻ ശിപാർശ. ഇക്കാര്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ബോർഡ് നിവേദനം നൽകി. നിലവിൽ പലിശയില്ലാതെ രണ്ടര ലക്ഷം രൂപയാണ് ഭവന വായ്പ. ഇത് വർധിപ്പിക്കണമെന്നാണ് ആവശ്യം. അംഗങ്ങളായവർ മരണപ്പെട്ടാൽ മരണാനന്തര കർമങ്ങൾക്ക് 5,000 രൂപ ലഭിക്കും. ബന്ധുക്കൾക്ക് 15,000 രൂപയും ലഭിക്കും. അംഗങ്ങളുടെ രണ്ട് പെൺമക്കളുടെ വിവാഹത്തിന് 25,000 രൂപ വീതവും സഹായം ലഭിക്കും. അംഗങ്ങളുടെ വിവാഹത്തിനും 25,000 രൂപ ലഭിക്കും. ഇതുൾപ്പെടെ നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest