organ mafia
മലയാളികളെ വിദേശത്ത് കൊണ്ടുപോയി വൃക്ക കടത്ത് മാഫിയക്ക് കൈമാറുന്ന സംഘാംഗം പിടിയില്‍
കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട പ്രകാരം തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് പിടിയിലായത്
കൊച്ചി | മലയാളികളെ വിദേശത്തു കൊണ്ടുപോയി വൃക്ക കച്ചവട മാഫിയക്ക് കൈമാറുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്.
അന്താരാഷ്ട്ര മാഫിയയുടെ ഭാഗമാണ് ഇയാളെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട പ്രകാരമാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്. ദാതാവിന് തുച്ഛമായ തുക നല്‍കിയ ശേഷം വന്‍ സംഖ്യക്ക് വൃക്ക വില്‍പ്പന നടത്തുകയാണ് രീതി. വൃക്ക കച്ചവടത്തിനായി നിരവധി പേരെ ഇയാള്‍ വിദേശത്തേക്കു കടത്തിയതായാണ് വിവരം.
ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായിരിക്കുന്നത്. അവയവ കടത്ത് നിരോധന നിയമപ്രകാരം ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ ആളുകള്‍ക്ക് അവയവ മാഫിയയുമായി ബന്ധമുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും. വിവിധ ജില്ലകളിലേക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. കേസ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.