Connect with us

First Gear

വിദേശത്ത് ഹിറ്റായി മാഗ്‌നൈറ്റ്; കയറ്റുമതി 11 ലക്ഷം പിന്നിട്ടു

നിസ്സാന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിന്നാണ് കാറുകള്‍ നിര്‍മ്മിച്ച് അയക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി|ജപ്പാന്‍ കാര്‍ കമ്പനിയായ നിസ്സാന്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു സബ് കോംപാക്റ്റ് ക്രോസ്ഓവര്‍ എസ്യുവിയാണ് മാഗ്‌നൈറ്റ്. 2020 ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മാഗ്‌നൈറ്റ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യന്‍ വിപണി കീഴടക്കിയിരുന്നു. ഇന്ന് ഇതാ മറ്റൊരു സുപ്രധാനമായ നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് മാഗ്‌നൈറ്റ്. 11 ലക്ഷം മാഗ്‌നൈറ്റ് കാറുകളാണ് നിസാന്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 29ന് തങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട നേട്ടം കൈവരിച്ചതായി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. നിസ്സാന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിന്നാണ് ഇന്ത്യയിലേക്കും വിദേശത്തേക്കും വേണ്ട കാറുകള്‍ നിര്‍മ്മിച്ച് അയക്കുന്നത്. എന്നൂര്‍ കാമരാജര്‍ തുറമുഖം വഴിയാണ് കയറ്റുമതി. 2022ലാണ് കാര്‍ വിദേശത്തേക്ക് കയറ്റുമതി ആരംഭിച്ചത്. രണ്ടുവര്‍ഷംകൊണ്ടുതന്നെ 11 ലക്ഷം യൂണിറ്റ് പിന്നിടാനായത് വിദേശ വിപണിയിലെ സ്വീകാര്യത വ്യക്തമാക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാവാതെ വലഞ്ഞ നിസ്സാനെ സംബന്ധിച്ചിടത്തോളം നിര്‍ണായക അവതരണമായിരുന്നു മാഗ്നൈറ്റ്. തുടക്കത്തില്‍ വിലയിലെ കുറവ് തന്നെയായിരുന്നു മാഗ്നൈറ്റിനെ ശ്രദ്ധേയമാക്കിയത്. അടിസ്ഥാന വകഭേദത്തിന് അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് നിസ്സാന്‍ നിശ്ചയിച്ച വില. നിലവില്‍ ഏകദേശം 6 ലക്ഷം രൂപ മുതലാണ് വില.

നിസ്സാന്‍ നെക്സ്റ്റ് പദ്ധതിയുടെ ഭാഗമായി ആഗോളതലത്തില്‍ രണ്ടു പെട്രോള്‍ എന്‍ജിന്‍ മോഡലുകളാണ് അവതരിപ്പിച്ചത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 97 ബി എച്ച് പിയോളം കരുത്തും 160 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാനാവും. അതേസമയം, നാച്ചുറലി ആസ്പിറേറ്റഡ് ഒരു ലീറ്റര്‍ എന്‍ജിന്‍ സൃഷ്ടിക്കുക 71 ബി എച്ച് പി വരെ കരുത്തും 96 എന്‍ എമ്മോളം ടോര്‍ക്കുമാണ്. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകള്‍ക്കും കൂട്ട്. അതേസമയം ടര്‍ബോ എന്‍ജിനൊപ്പം എക്‌സ് ട്രോണിക് സി വി ടി ഗീയര്‍ബോക്‌സും ലഭ്യമാണ്.

ടര്‍ബോ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ സഖ്യത്തിന് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 20 കിലോമീറ്ററാണ്. ഇതേ എന്‍ജിനൊപ്പം സി വി ടി ഗീയര്‍ബോക്‌സ് എത്തുന്നതോടെ ഇന്ധനക്ഷമത 17.7 കിലോമീറ്ററാവും. മൊത്തം 20 ഗ്രേഡുകളിലായി മുപ്പത്തി ആറോളം സങ്കലനങ്ങളില്‍ ലഭ്യമാവുന്ന മാഗ്നൈറ്റിന്റെ മത്സരം മാരുതി സുസുക്കി വിറ്റാര ബ്രേസ, ഹ്യുണ്ടേയ് വെന്യു, ടാറ്റ നെക്‌സന്‍, കിയ സൊണെറ്റ് എന്നിവയോടാണ്. 15 ആഗോള വിപണികളിലേക്കാണ് നിസാന്‍ മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നത്. സമീപ വര്‍ഷങ്ങളില്‍ ഇത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

 

 

 

Latest