Editors Pick
ജീൻസ് ധരിച്ചെത്തിയതിന് മാഗ്നസ് കാൾസനെ അയോഗ്യനാക്കി; എന്താണ് ചെസ്സിന്റെ ഡ്രസ്സ് കോഡ്?
മത്സരത്തിൽ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ലോക ചെസ് ഫെഡറേഷൻ (ഫിഡെ) താരത്തിനെതിരെ നടപടിയെടുത്തത്.
ന്യൂയോർക്കിൽ വെള്ളിയാഴ്ച ആരംഭിച്ച ലോക റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ജീൻസ് ധരിച്ചെത്തിയ നിലവിലെ ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസനെ അയോഗ്യനാക്കിയതാണ് കായിക ലോകത്തെ ഏറ്റവും പുതിയ വാർത്ത. 200 ഡോളർ പിഴയും കാൾസന് ചുമത്തി. മത്സരത്തിൽ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ലോക ചെസ് ഫെഡറേഷൻ (ഫിഡെ) താരത്തിനെതിരെ നടപടിയെടുത്തത്. ജീൻസ് മാറിവരാൻ താരത്തിനോട് ആവശ്യപ്പെട്ടിട്ടും വഴിങ്ങാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ഫിഡെയുടെ വിശദീകരണം.
ഇരുപത്തഞ്ചിലധികം ലോക ചെസ് ചാമ്പ്യൻഷിപ്പുകൾക്ക് ഫിഡെ ഡ്രസ്സ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പുകൾക്ക് മാത്രമല്ല, പ്രസിൻഷ്യൽ ബോർഡ് മീറ്റിങ്‌സ്, ഫിഡെ സമ്മേളനങ്ങൾ തുടങ്ങിയവയ്‌ക്കും ഈ ഡ്രസ്സ് കോഡുണ്ട്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ, ക്യാപ്‌റ്റൻമാർ, ഒഫീഷ്യൽസ്, ടൂർണമെൻ്റ് സ്റ്റാഫുകൾ, ഫിഡെ ഒഫീഷ്യൽസ് തുടങ്ങിയവരെല്ലാം ഈ ഡ്രസ് കോഡ് പാലിക്കണമെന്നാണ് ഫിഡെയുടെ ചട്ടം. ചെസ്സിൻ്റെ പോസിറ്റീവ് ഇമേജ് വർധിപ്പിക്കാനാണ് ഈ ഡ്രസ് കോഡെന്നാണ് ഫിഡെ അവകാശപ്പെടുന്നത്.
ഇവ ധരിക്കാൻ പാടില്ല
ബീച്ചിൽ ഉപയോഗിക്കുന്ന ചെരിപ്പുകൾ, നഗ്‌നതയോ അർധനഗ്‌നതയോ പ്രിൻ്റ് ചെയ്‌ത ടീഷർട്ടുകൾ, ജീൻസ് പാൻ്റുകൾ, ഷോർട്ട്‌സ്, സൺ ഗ്ലാസസ്, സ്‌പോർട്‌സ് ക്യാപ്പുകൾ എന്നിവ പുരുഷ താരങ്ങൾ ഉപയോഗിക്കാൻ പാടില്ല.
വനിതാ താരങ്ങൾ ഇവയ്‌ക്ക് പുറമേ ക്രോപ് ടോപ്പ്‌സ്, ടാങ്ക് ടോപ്പ്‌സ്, നിഴലടിക്കുന്ന വസ്‌ത്രങ്ങൾ എന്നിവയും ഉപയോഗിക്കാൻ പാടില്ലെന്നാണ് ഫിഡെ ചട്ടം. കാൾസനെ പുറത്താക്കിയതോടെ ഫിഡെയുടെ ഡ്രസ് കോഡ് കായികലോകത്ത് ചർച്ചയായിട്ടുണ്ട്. പലരും ഇതിനെ വിമർശിച്ച് രംഗത്തെത്തി.