National
മഹാ കുംഭമേള: പരുക്കേറ്റവരുടേയോ മരിച്ചവരുടേയോ കണക്ക് കേന്ദ്രസര്‍ക്കാറിന്റെ പക്കലില്ല
കേന്ദ്രസര്‍ക്കാര്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോകസഭയില്‍ അറിയിച്ചു

ന്യൂഡല്‍ഹി | പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പരുക്കേറ്റവരുടേയോ മരിച്ചവരുടേയോ കണക്ക് കേന്ദ്രസര്‍ക്കാറിന്റെ പക്കലില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോകസഭയില്‍ അറിയിച്ചു.
ഇത് ഒരു സംസ്ഥാന വിഷയമാണ്. ഇത്തരം ഡാറ്റകളൊന്നും കേന്ദ്രം സൂക്ഷിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പൊതു ക്രമസമാധാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതുക്രമസമാധാനവും പൊലീസും സംസ്ഥാന വിഷയങ്ങളാണ്. ഒരു സംസ്ഥാനത്ത് സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതും അന്വേഷണം നടത്തുന്നതുമെല്ലാം സംസ്ഥാന സര്‍ക്കാരുകളുടെ പരിധിയില്‍ വരും.
അത്തരം വിവരമൊന്നും കേന്ദ്രം സൂക്ഷിക്കുകയില്ലെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. മഹാകുംഭമേളയില്‍ തിരക്കിനെ തുടര്‍ന്ന് ജനുവരി 29 ന് അഖാര മാര്‍ഗില്‍ 30 ഓളം തീര്‍ഥാടകര്‍ മരിക്കുകയും 60 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.