National
മഹാ കുംഭമേള യാത്ര; 300 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക്
ഗതാഗതക്കുരുക്കിനു കാരണം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു

പ്യയാഗ് രാജ് | കുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ വന്‍ ഗതാഗത കുരുക്ക്. 300 കിലോമീറ്റര്‍ ദൂരത്തോളം വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നു. മണിക്കൂറുകളോളം വാഹനങ്ങളില്‍ ഇഴഞ്ഞു നീങ്ങേണ്ട അവസ്ഥയിലാണ് തീര്‍ഥാടകര്‍.
ഞായറാഴ്ച കുംഭമേളയിലേക്കുണ്ടായ ലക്ഷകണക്കിന് തീര്‍ഥാടകരുടെ ഒഴുക്കാണ് കിലോമീറ്ററോളം ഗതാഗതകുരുക്കുണ്ടാവാന്‍ കാരണം. ലോകത്തിലെ ഏറ്റവും വലിയ ഗതാതഗകുരുക്ക് എന്നാണ് ജനങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. അനിയന്ത്രിതമായ ജനങ്ങളുടെ ഒഴുക്ക് കാരണം പ്രയാഗ് രാജ് റെയില്‍വെ സ്റ്റേഷന്‍ വെള്ളിയാഴ്ചവരെ അടച്ചിട്ടിരിക്കുകയാണ്.
ഗതാഗതക്കുരുക്കിനു കാരണം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. സാധാരണക്കാരായ യാത്രക്കാരെ മനുഷ്യരായി കാണണമെന്നും ഗതാഗതകുരുക്കില്‍ കുടുങ്ങിയ ആളുകള്‍ക്ക് വിശപ്പും ദാഹവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും ടോൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമകൾക്ക് നികുതി ഒഴിവാക്കുന്ന സർക്കാരിന് എന്തുകൊണ്ട് കുംഭമേളയ്‌ക്കെത്തുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കിക്കൂടാ എന്നും അദ്ദേഹം എക്‌സിൽ ചോദിച്ചു. നീണ്ട ഗതാഗതക്കുരുക്കിന്റെ ദൃശ്യവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ജനുവരി 13 ന് തുടങ്ങിയ മഹാകുംഭമേളയില്‍ 43 കോടി തീര്‍ഥാടകരാണ് ഇത് വരെ സ്‌നാനം ചെയ്തത്. ഇന്നലെ മാത്രം 12.5 ലക്ഷം തീര്‍ഥാടകരാണ് കുംബമേള സന്ദര്‍ശിച്ചത്. ഇന്നലെ 330 ട്രെയിനുകളും ഇന്ന് 130 ട്രെയിനുകളും പ്രയാഗ് രാജില്‍ നിന്ന് പുറപ്പെട്ടു.
റോഡിലൂടെ 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 8-10 മണ്ക്കൂറുകള്‍ എടുക്കുന്നത് യാത്രക്കാരെയും പ്രകോപിതരാക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാവുമെന്ന് പോലീസ് പറഞ്ഞു.