National
മഹാരാഷ്ട്രയില്‍ മഹായുതി; ഝാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യം
മഹാരാഷ്ട്രയില്‍ 231 സീറ്റില്‍ മഹായുതി മുന്നില്‍. ഝാര്‍ഖണ്ഡില്‍ 56ല്‍ ഇന്ത്യാ മുന്നണി.
മുംബൈ/റാഞ്ചി | മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബി ജെ പി മുന്നണി മഹായുതി. വന്‍ കുതിപ്പാണ് മഹായുതി സഖ്യം നടത്തിയത്. ആകെയുള്ള 288 സീറ്റില്‍ 231 എണ്ണത്തില്‍ സഖ്യം മുന്നിലെത്തി. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 48 സീറ്റിലേക്ക് ചുരുങ്ങി. ഒമ്പത് സീറ്റിലാണ് മറ്റുള്ളവരുടെ മുന്നേറ്റം. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മുന്‍നിര നേതാക്കളെല്ലാം മുന്നിലാണ്. ബി ജെ പി സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍ സി പിയും നല്ല മുന്നേറ്റം നടത്തി.
ബുധനാഴ്ച അവസാനിച്ച വോട്ടെടുപ്പില്‍ 65.1 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
എന്നാല്‍, ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി വിജയതീരത്താണ്. 81 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 56 സീറ്റിലും മുന്നണി മുന്നില്‍ നില്‍ക്കുകയാണ്. 24 സീറ്റില്‍ മാത്രമാണ് എന്‍ ഡി എ സഖ്യം മുന്നില്‍ നില്‍ക്കുന്നത്. മറ്റുള്ളവര്‍ക്ക് ഒരു സീറ്റില്‍ മാത്രമാണ് മുന്നേറ്റം.