National
മഹാരാഷ്ട്രയിൽ മഹായുതി; ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു; ഷിൻഡേയും അജിത് പവാറും ഉപമുഖ്യമന്ത്രിമാർ
മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനിയിൽ വൈകിട്ട് 5.30ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു
മുംബൈ | മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ അധികാരത്തിൽ. മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയും സ്ഥാനമേറ്റു. മുംബൈയിലെ ചരിത്രപ്രസിദ്ധമായ ആസാദ് മൈതാനിയിൽ വൈകിട്ട് 5.30ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. അദാനി എൻ്റർപ്രൈസസിൻ്റെ മാനേജിംഗ് ഡയറക്ടർ പ്രണബ് അദാനി ഉൾപ്പെടെ ഉന്നത വ്യവസായികളും സിനിമാ താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയും എൻ സി പി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. രണ്ടാഴ്ചയിലധികം നീണ്ട രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിലാണ് ഷിൻഡെ ഉപമുഖ്യമന്ത്രിസ്ഥാനം കൊണ്ട് തൃപ്തനായത്. സത്യപ്രതിജ്ഞയുടെ ക്ഷണക്കത്തിൽ ഷിൻഡെയുടെ പേരില്ലാത്തത് വിവാദമായിരുന്നു.
ഇന്നലെയാണ് ഫഡ്‌നാവിസിനെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. ഫഡ്‌നാവിസ് ശിവസേന അധ്യക്ഷൻ ഏക്‌നാഥ് ഷിൻഡെ, എൻസിപി അധ്യക്ഷൻ അജിത് പവാർ എന്നിർക്കൊപ്പം ഇന്നലെ ഗവർണറെ കണ്ട് സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചു. തുടർന്ന് ഗവർണർ സർക്കാർ രൂപവത്കരിക്കാൻ അദ്ദേഹത്തേ ക്ഷണിക്കുകയായിരുന്നു.
2014 മുതൽ 2019 വരെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2019ൽ അജിത് പവാറിൻ്റെ സഹായത്തോടെ മുഖ്യമന്ത്രിയായെങ്കിലും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു. കഴിഞ്ഞ തവണ ഏകനാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. ആറാം തവണയാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയാകുന്നത്. മഹാവികാസ് അഘാഡിയിലും മഹായുതി സർക്കാരിലും ഉപമുഖ്യമന്ത്രിയായിട്ടുണ്ട്.
288 അംഗ നിയമസഭയിൽ 233 സീറ്റുകൾ നേടിയാണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്തിയത്. 132 സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാടിക്ക് 50 സീറ്റുകളെ നേടാനായുള്ളൂ.