Connect with us

National

മഹാകുംഭമേള: മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും ജലം മലിനമായെന്നും ജയ ബച്ചന്‍

കുംഭമേള ദുരന്തവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസ്താവനയെ ചൊല്ലി രാജ്യസഭയില്‍ ബഹളമുണ്ടായി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞെന്നും അതിനാല്‍ ജലം മലിനമായെന്നുമുള്ള ഗുരുതര ആരോപണവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍.

പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അവര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മഹാ കുംഭമേളയ്ക്കെത്തുന്ന സാധാരണക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും യഥാര്‍ഥ പ്രശ്നം അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്നും അവര്‍ ആരോപിച്ചു.

കുംഭമേളയില്‍ എത്തുന്ന സാധാരണക്കാര്‍ക്ക് പ്രത്യേകമായൊരു പരിഗണനയും ലഭിക്കുന്നില്ല. എന്നാല്‍, വി ഐ പികള്‍ക്കെല്ലാം പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതെന്നും ജയ ബച്ചന്‍ ആരോപിച്ചു. മഹാകുംഭമേളയ്ക്ക് കോടിക്കണക്കിന് പേര്‍ എത്തിയെന്ന വാദത്തെയും ജയ എതിര്‍ത്തു. എങ്ങനെയാണ് ഇത്രയും പേര്‍ ഒരുസ്ഥലത്ത് ഒത്തുകൂടുകയെന്നും അവര്‍ ചോദിച്ചു.
അതേസമയം, കുംഭമേള ദുരന്തവും കര്‍ഷക ആത്മഹത്യയും സംബന്ധിച്ച പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസ്താവനയെ ചൊല്ലി രാജ്യസഭയില്‍ ബഹളമുണ്ടായി.

ആയിരക്കണക്കിന് മരണമെന്ന ഖര്‍ഗെയുടെ പ്രസ്താവന ഗൗരവതരം എന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും കൃത്യമായ സംഖ്യ പറഞ്ഞാല്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയാമെന്നും ഖര്‍ഗെ മറുപടി നല്‍കി.

 

 

 

 

Latest