Kerala
വഖ്ഫുകള്‍ അന്യാധീനപ്പെടാതിരിക്കാന്‍ മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണം: കാന്തപുരം
നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മഹല്ലുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് | പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകള്‍ അന്യാധീനപ്പെടാതിരിക്കാന്‍ മഹല്ല് നേതൃത്വങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ നടന്ന ‘തജ്ദീദ്’ മഹല്ല് സാരഥി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തില്‍ സുന്നികളുടെ വഖ്ഫ് ആയിരുന്ന മുഹ്യിദ്ദീന്‍ പള്ളി, പട്ടാള പള്ളി എന്നിവ രാഷ്ട്രീയ ഒത്താശയോടെയാണ് മുജാഹിദുകള്‍ കയ്യേറിയതെന്നും വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് അതെന്നും കാന്തപുരം പറഞ്ഞു. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മഹല്ലുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍കസ് മസ്ജിദ് അലൈന്‍സിന് കീഴില്‍ നടന്നുവരുന്ന മഹല്ല് സാരഥി സംഗമങ്ങളുടെ ചുവടുപിടിച്ച് വിവിധ ആത്മീയ-സാമൂഹ്യക്ഷേമ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി സോണ്‍ പരിധിയിലെ 78 മഹല്ലുകളില്‍ നിന്നായി 350 ലധികം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മുഹമ്മദലി സഖാഫി വള്ളിയാട് അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ബാഫഖി, ഹസൈനാര്‍ ബാഖവി, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അക്ബര്‍ ബാദുഷ സഖാഫി, അബ്ദുലത്വീഫ് സഖാഫി പെരുമുഖം, ഇഖ്ബാല്‍ സഖാഫി ചടങ്ങില്‍ സംബന്ധിച്ചു.