Kerala
ജനഹിതത്തിന്റെ മഹാപൂരം
19ന് പൂരം കഴിയുന്നതോടെ തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിലേക്ക് കടക്കും.
![](https://assets.sirajlive.com/2024/04/thrissur.jpg)
മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പൂരാവേശത്തിലേക്ക് കടക്കുകയാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം. തിരഞ്ഞെടുപ്പ് പൂരത്തിനൊപ്പം സാക്ഷാൽ തൃശൂർ പൂരവും ഈ മാസമാണ്. 19ന് പൂരം കഴിയുന്നതോടെ തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിലേക്ക് കടക്കും. ദേശീയതലത്തിലടക്കമുള്ള നേതാക്കളെയെത്തിച്ച് പ്രചാരണ രംഗം കൊഴുപ്പിക്കാനാണ് മുന്നണികളുടെ നീക്കം. എൽ ഡി എഫിനായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ യു ഡി എഫിനായി മല്ലികാർജുൻഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി ബി ജെ പിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നഡ്ഡ എന്നിവരും പ്രചാരണത്തിനെത്തും.
ആവേശത്തോടെ സ്ഥാനാർഥികൾ
കോൺഗ്രസ്സിന്റെ സർപ്രൈസ് സ്ഥാനാർഥി കെ മുരളീധരനും സിറ്റിംഗ് എം പി. ടി എൻ പ്രതാപനും ഒറ്റക്കെട്ടായി പ്രചാരണം നടത്തുന്ന കാഴ്ചയാണുള്ളത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ തളിക്കുളത്തെ വീടിന് മുന്നിൽ മുരളീധരന് വേണ്ടി ചുവരെഴുത്ത് നടത്തിയാണ് പ്രതാപൻ പാർട്ടിവീര്യം പ്രകടിപ്പിച്ചത്.
നേരത്തേ ചേർപ്പ്, കൈപ്പമംഗലം, തൃശൂർ നിയോജക മണ്ഡലങ്ങളിൽ നിന്ന് ജയിച്ചുകയറിയ മുൻ കൃഷി മന്ത്രിയും സി പി ഐയുടെ ജനകീയ മുഖവുമായ വി എസ് സുനിൽകുമാർ പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുമെന്ന് എൽ ഡി എഫും സുനിൽകുമാറും ഒരേസ്വരത്തൽ പറയുന്നു. മോദിയെ കൊണ്ടുവന്ന് പ്രചാരണത്തിന് തുടക്കമിട്ട എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയും വിട്ടുകൊടുക്കാതെ രംഗത്തുണ്ട്. മോദിയും അമിത് ഷായുമെല്ലാം അടുത്ത ദിവസങ്ങളിൽ തൃശൂരിലെത്തും.
കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായിരുന്നു തൃശൂർ. തീരദേശ വോട്ടുകളും നഗര കേന്ദ്രീകൃത മധ്യവർഗ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും നിർണായകമാകുന്ന തിരഞ്ഞെടുപ്പിൽ അടിയൊഴുക്കിലാണ് മുന്നണികളുടെ പ്രതീക്ഷ.
ത്രികോണ മത്സരമാണെങ്കിലും എൽ ഡി എഫും യു ഡി എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ പറയുന്നു. 2014ൽ സി പി ഐയുടെ സി എൻ ജയദേവൻ വിജയിച്ച തൃശൂർ സീറ്റാണ് ടി എൻ പ്രതാപനിലൂടെ 2019ൽ കോൺഗ്രസ്സ് തിരിച്ചുപിടിച്ചത്. 2009 ൽ കോൺഗ്രസ്സിന്റെ പി സി ചാക്കോയായിരുന്നു വിജയക്കൊടി പാറിച്ചത്.
കോളില്ലാതെ കോൾ പാടങ്ങൾ
തൃശൂരിന്റെ വികസന പ്രശ്‌നങ്ങൾ ഏറെയാണ്. ജില്ലയിലെ കോൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രധാനം.
സംസ്ഥാനത്താകെ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ 30 ശതമാനവും വിളയുന്നത് തൃശൂരിലെ കോൾപ്പാടത്താണ്. 34,000 ഏക്കറിലാണ് കോൾപ്പാട ശേഖരം. ഇരുപ്പു കൃഷിയിറക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിളവെടുത്ത നെല്ല് യഥാസമയം സംഭരിക്കാത്തത് മൂലമുള്ള സാമ്പത്തിക നഷ്ടം കർഷകരെ കണ്ണീർക്കയത്തിലാക്കുന്നു.
കോട്ടൺ മില്ലുകൾ, ഓട് വ്യവസായം, മരത്തടി വ്യവസായം, കൈത്തറി- ഖാദി, കയർ, മത്സ്യോത്പന്നങ്ങൾ എന്നിവയെല്ലാം ജില്ലയിലെ പ്രധാന വ്യവസായങ്ങളാണ്. പരമ്പരാഗത വ്യവസായങ്ങളുടെ നിലനിൽപ്പിന് മാറിവരുന്ന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്ന പരാതി ശക്തമാണ്. ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനവും തൃശൂർ ഗവ. മെഡിക്കൽ കോളജും അനാസ്ഥയുടെ പര്യായമാണ്.
പ്രവർത്തനരഹിതമായ ഉപകരണങ്ങൾ നന്നാക്കാനോ പുതിയത് വാങ്ങാനോ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതിയും ശക്തമാണ്. ഇത്തരത്തിലുള്ള ജനകീയ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുക മാത്രമല്ല, വിജയിക്കുന്ന പ്രതിനിധികൾ അത് പരിഹരിക്കണമെന്നുമാണ് ജനം ആഗ്രഹിക്കുന്നത്.