Kerala
മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
അക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ പോലീസ് ക്യാമ്പസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കൊച്ചി | എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനമായത്.
ബുധനാഴ്ച രാത്രി എം ജി നാടകോത്സവ ത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നതിനിടെ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനെ കെഎസ് യു ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ച് നാളുകളായി വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ ക്യാമ്പസില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാസറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ക്യാമ്പസില്‍ അക്രമസംഭവങ്ങളുണ്ടാവാതിരിക്കാന്‍ പോലീസ് ക്യാമ്പസില്‍ നിലയുറപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്താണ് നിലവില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്.