Connect with us

National

ഇന്ത്യ സഖ്യത്തിന്റെ ശക്തി തെളിയിച്ച് റാഞ്ചിയിലെ മഹാറാലി ; കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും രൂക്ഷ വിമര്‍ശനം

കല്പന സോറന്‍, സുനിത കേജ്രിവാള്‍ എന്നിവര്‍ ഹേമന്ത് സോറന്റെയും അരവിന്ദ് കെജ്രിവാളിന്റെയും സന്ദേശങ്ങള്‍ വായിച്ചു.

Published

|

Last Updated

റാഞ്ചി | ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന മഹാ റാലി ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി മാറി. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചു. ജയിലില്‍ കഴിയുന്ന അരവിന്ദ് കെജരിവാളിന്റെയും ഹേമന്ദ് സോറന്റെയും കസേരകള്‍ ഒഴിച്ചിട്ടാണ് റാലി ആരംഭിച്ചത്.

ഭരണഘടനയെ സംരക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണം എന്ന് ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ആവശ്യപ്പെട്ടു. അംബേദ്കര്‍ ഭരണഘടനയില്‍ നല്‍കുന്ന ഗ്യാരണ്ടിയാണ് ഇന്ത്യ സഖ്യം ജനങ്ങള്‍ക്ക് മുന്നില്‍ വെക്കുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കല്പന സോറന്‍, സുനിത കേജ്രിവാള്‍ എന്നിവര്‍ ഹേമന്ത് സോറന്റെയും അരവിന്ദ് കെജ്രിവാളിന്റെയും സന്ദേശങ്ങള്‍ വായിച്ചു.

അരവിന്ദ് കെജ് രിവാളിനെ തിഹാര്‍ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സുനിത കെജ് രിവാള്‍ ആരോപിച്ചു. അദ്ദേഹത്തിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ചെന്നും സുനിത കെജ രിവാള്‍ പറഞ്ഞു.

എഎപി നേതാവ് സഞ്ജയ് സിംഗ്, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍ തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറന്‍ തുടങ്ങിയ നേതാക്കളും മഹാറാലിയുടെ ഭാഗമായി.അതേസമയം രാഹുല്‍ ഗാന്ധിക്ക് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് റാലിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് ജയറാം രമേശ് അറിയിച്ചു.

അതിനിടെ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും പ്രവര്‍ത്തകര്‍ റാലിക്കിടെ ഏറ്റുമുട്ടി. ആര്‍ജെഡി നേതാവ് കെഎന്‍ ത്രിപാഠിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞു. നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

---- facebook comment plugin here -----

Latest